സുഡാൻ: അതിരൂക്ഷ മനുഷ്യക്കുരുതി നടന്ന സുഡാനിലെ ആഭ്യന്തര കലാപം സമാധാനത്തിലേക്ക്. സുഡാനിലെ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കി. അമേരിക്കയും അറബ് രാജ്യങ്ങളും ഉൾപ്പെടെ നൽകിയ നിർദേശം ആർ എസ് എഫ് അംഗീകരിച്ചു. സുഡാനിലെ ആഭ്യന്തരപ്രശ്നവുമായി ബന്ധപ്പെട്ട് ഐകരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നവംബർ 14 ന് യോഗം ചേരും.
മനുഷ്യക്കുരുതി എല്ലാ പരിധികളും ലംഘിച്ചതോടെയാണ് സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. എൽ ഫാഷർ നഗരം പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് മാനുഷിക മൂല്യങ്ങൾ പരിഗണിച്ചുള്ള വെടി നിർത്തൽ നിർദേശം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് അംഗീകരിച്ചത്. ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങളെത്തിക്കാനാണ് താത്ക്കാലിക വെടിനിർത്തൽ.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ആർ എസ് എഫ് അറിയിച്ചു .. ആർ എസ് എഫ് നടപടിയെ സ്വാഗതം ചെയ്യുന്നതായി സൈന്യം വ്യക്തമാക്കി . എന്നാൽ സിവിലിയൻ പ്രദേശങ്ങളിൽ നിന്നും ആർ എസ് എഫ് പൂർണ്ണമായും പിൻവാങ്ങുകയും ആയുധങ്ങൾ വെച്ച് കീഴടങ്ങുകയും ചെയ്താൽ മാത്രമേ വെടിനിർത്തലിന് സമ്മതിക്കുവെന്നാണ് സൈന്യത്തിന്റെ നിലപാട്.
ലോകമനഃസാക്ഷിയെ ഞെട്ടിച്ച മനുഷ്യക്കുരുതിയാണ് സുഡാനിൽ നടന്നത്. അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും സൈന്യവും തമ്മിൽ നടന്ന അധികാര തർക്കത്തിൽ 150,000-ത്തിലധികം ആളുകൾ മരിച്ചെന്നാണ് യു എൻ റിപ്പോർട്ട്, ഏകദേശം 12 ദശലക്ഷം പേർ വീടുകൾ വിട്ട് പലായനം ചെയ്തു. സ്ഥിതി വഷളായതോടെ അമേരിക്കയും അറബ് രാജ്യങ്ങളും നടത്തിയ ഇടപെടലിനെ തുടർന്നാണ് താത്കാലിക വെടിനിർത്തലിലേക്ക് കാര്യങ്ങൾ എത്തിയത്.
താത്കാലിക വെടിനിർത്തലിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ച ചെയ്യാൻ . നവംബർ 14 ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരും.