Image: X
WORLD

തീപിടിച്ചത് 42 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്; ഹോങ്കോങ്ങില്‍ വെന്തുമരിച്ചത് 146 പേര്‍

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടുത്തമാണിത്.

Author : ന്യൂസ് ഡെസ്ക്

അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീപിടുത്തമാണ് ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത്. 146 പേരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 150 ല്‍ അധികം പേരെ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയവരില്‍ 79 പേര്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 89 എണ്ണം ഇനിയും തിരിച്ചറിയാനായിട്ടില്ല.

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. തീപടര്‍ന്ന ഏകദേശം രണ്ടായിരത്തോളം ഫ്‌ലാറ്റുകളിലായി 4800ഓളം ആളുകളാണ് താമസിച്ചിരുന്നത്. ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടുത്തമാണിത്.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ് ഇനിയും വ്യക്തമല്ല. കാരണം അധികൃതര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. തീ അതിവേഗം പടര്‍ന്നു പിടിക്കാനുണ്ടായ കാരണങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുളകൊണ്ടുള്ള ചട്ടക്കൂട് സ്ഥാപിച്ചിരുന്നു. തീ അതിവേഗം പടരാനുള്ള പ്രധാന കാരണം എന്നാണ് കരുതുന്നത്. മുളകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വലകളും ജനലുകള്‍ അടയ്ക്കാന്‍ ഉപയോഗിച്ച തുണികളും അപകടത്തിന് ആക്കം കൂട്ടി.

നിര്‍മാണ കമ്പനിയുടെ ഭാഗത്തു നിന്ന് അശ്രദ്ധയുണ്ടായെന്നാണ് വിലയിരുത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചതിനും തീ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതിനും നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍, തീപിടിത്തത്തിന് തൊട്ടുമുമ്പ് തൊഴിലാളികള്‍ കെട്ടിടത്തിന് പുറത്ത് പുകവലിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. മനുഷ്യ നിര്‍മിത ദുരന്തമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തീപിടിച്ച എട്ട് ബ്ലോക്കുകളിലെയും ഫയര്‍ അലാറങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച പ്രാദേശിക സമയം 2.51 ഓടെയാണ് വാങ് ഫുക് കോര്‍ട്ടില്‍ ആദ്യമായി തീപിടിച്ചത്. എട്ട് ടവര്‍ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് വാങ് ഫുക് കോര്‍ട്ട്. ഓരോന്നിനും 31 നിലകള്‍ ഉയരമുണ്ട്.

1983 ല്‍ നിര്‍മ്മിച്ച ഈ ടവര്‍ ബ്ലോക്കുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.

2021 ലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം 1984 അപാര്‍ട്‌മെന്റുകളിലായി 4,600 താമസക്കാരാണ് ഇവിടെയുള്ളത്. താമസക്കാരില്‍ 40 ശതമാനവും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.

നിര്‍മാണ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും നരഹത്യ കുറ്റത്തിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT