WORLD

ചൈനയില്‍ നിന്നും ആണവ അന്തര്‍വാഹിനി വാങ്ങാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു; റിപ്പോര്‍ട്ട് പുറത്ത്

പാകിസ്ഥാന്‍ ഒരേസമയം യുഎസിനെയും ചൈനയെയും തങ്ങളുടെ തന്ത്ര പ്രധാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും ആരോപണം

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: 2024ല്‍ ചൈനയില്‍ നിന്ന് ലോകത്തില്‍ തന്നെ കര്‍ശനമായി സംരക്ഷിക്കപ്പെടുന്ന ആണവ അന്തര്‍വാഹിനി വാങ്ങാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ചൈന അതിന് വിസമ്മതിച്ചുവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ വരുന്നു.

ഡ്രോപ് സൈറ്റ് ന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പാകിസ്ഥാന് ഇന്ത്യക്കെതിരായ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി അന്തര്‍വാഹിനി ശേഷി ചൈനയോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ചൈന അത് യുക്തിരഹിതമെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

വ്യോമ, കര സുരക്ഷാ മാര്‍ഗങ്ങള്‍ക്കപ്പുറം സുരക്ഷാ കവചം ഒരുക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിച്ചതെങ്കിലും ആ ശ്രമം പരാജയപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. പാകിസ്ഥാന്‍ ഒരേസമയം യുഎസിനെയും ചൈനയെയും തങ്ങളുടെ തന്ത്ര പ്രധാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചു. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുമ്പോഴും ഗാദ്വാര്‍ നാവികത്താവളം ചൈനയ്ക്ക് സ്ഥിരമായി വിട്ടുനല്‍കി കൊണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

അപ്രതീക്ഷിത ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കടലിനുള്ളിലുള്ള ആണവ ശേഷികളാണ് ഇത്തരം അന്തര്‍വാഹിനികള്‍. കടലിനടിയില്‍ ആയതിനാല്‍ തന്നെ അത്ര പെട്ടെന്ന് കണ്ടു പിടിക്കുക എളുപ്പമായിരിക്കില്ല. എസ്എസ്ബിഎന്‍ എന്നാണ് ഇത്തരം അന്തര്‍വാഹിനികള്‍ അറിയപ്പെടുന്നത്. ഇവ കണ്ടുപിടിക്കാനും നശിപ്പിക്കാനും ഏറെ പ്രയാസമാണ്.

SCROLL FOR NEXT