WORLD

'യുഎസ് ക്രിസ്ത്യൻ രാഷ്ട്രം, ഇവിടെ ഹിന്ദു ദൈവങ്ങളുടെ പ്രതിമ വേണ്ട'; റിപ്പബ്ലിക്കൻ നേതാവ് ഹനുമാനെ അപമാനിച്ചെന്ന് പരാതി

ഡൊണാൾഡ് ട്രംപിൻ്റെ പാർട്ടിക്കാരനായ അലക്സാണ്ടർ ഡങ്കൻ നടത്തിയ പ്രസ്താവനയാണ് ഹിന്ദു സംഘടനകൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: യുഎസ് നഗരത്തിലെ 'സ്റ്റാച്യു ഓഫ് യൂണിയൻ' എന്നറിയപ്പെടുന്ന ഹനുമാൻ്റെ 90 അടി ഉയരമുള്ള പ്രതിമയെക്കുറിച്ച് ടെക്സസിലെ ഒരു റിപ്പബ്ലിക്കൻ നേതാവ് നടത്തിയ പരാമർശത്തിൻ്റെ പേരിൽ രൂക്ഷ വിമർശനവുമായി ഹിന്ദു സംഘടനകൾ. യുഎസ് ഒരു ക്രിസ്ത്യൻ രാഷ്ട്രമാണെന്നും ഇവിടെ ഹിന്ദു ദൈവങ്ങളുടെ പ്രതിമ വേണ്ടെന്നും അലക്സാണ്ടർ ഡങ്കൻ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത്.

"ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിൻ്റെ വ്യാജ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്," ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ പ്രതിമയുടെ വീഡിയോ പങ്കുവച്ച് ഡങ്കൻ എക്സിൽ കുറിച്ചു.

ഡൊണാൾഡ് ട്രംപിൻ്റെ പാർട്ടി നേതാവായ ഡങ്കൻ ബൈബിൾ വചനങ്ങളും ഇതോടൊപ്പം ഉദ്ധരിച്ചിട്ടുണ്ട്. "ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിൻ്റെയും വിഗ്രഹമോ പ്രതിമയോ നീ സ്വയം ഉണ്ടാക്കരുത്. പുറപ്പാട് 20:3-4," എന്നാണ് അലക്സാണ്ടർ ഡങ്കൻ എക്സിൽ കുറിച്ചത്.

പ്രസ്താവനയ്‌ക്കെതിരെ യുഎസിലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുത്വവിരുദ്ധവും അപകടകരവുമായ പ്രസ്താവനയാണിതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ്റെ (എച്ച്എഎഫ്) പ്രതികരിച്ചു. വിഷയത്തിൽ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ടെക്സാസിലെ റിപ്പബ്ലിക്കൻ പാർട്ടി ആസ്ഥാനത്ത് ഈ സംഘടന പരാതിയും നൽകിയിട്ടുണ്ട്.

SCROLL FOR NEXT