റോം: ഭൂമിക്കടിയിലെ അത്ഭുതകാഴ്ചയായ റോമൻ കൊട്ടാരം ഹൗസ് ഓഫ് ദി ഗ്രിഫിൻസ് പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2000 വർഷം പഴക്കമുള്ള കൊട്ടാരം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരണം പൂർത്തിയാക്കിയാണ് സന്ദർശകർക്കായി തുറന്നത്. റിമോട്ട് ടൂറുകൾ വഴിയാണ് സഞ്ചാരികൾക്ക് ഈ വിസ്മയം ആസ്വദിക്കാൻ സാധിക്കുക.
ബിസി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹൗസ് ഓഫ് ദി ഗ്രിഫിൻസ് റോമൻ റിപ്പബ്ലിക്കൻ കാലഘട്ടത്തിലെ ഏറ്റവും പഴയതും മനോഹരവുമായ ശേഷിപ്പാണ്. വിസ്മയിപ്പിക്കുന്ന ചുവർ ചിത്രങ്ങളും, മുത്തുപതിച്ച ത്രീഡി മൊസൈക്കുകളും ഇവിടെ ഇന്നും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്.
ഭൂമിക്കടിയിൽ ആഴത്തിൽ നിർമ്മിച്ച കൊട്ടാരമായതിനാൽ ആളുകൾക്ക് ഇറങ്ങിചെല്ലുന്നതിന് പരിമിതിയുണ്ട്. ഇതിനെ മറികടക്കാൻ ലൈവ് സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഗൈഡ് ക്യാമറയുമായി താഴെ മുറികളിലേക്ക് ഇറങ്ങുകയും അവിടെയുള്ള കാഴ്ചകൾ മുകളിലിരിക്കുന്ന സഞ്ചാരികൾക്ക് തത്സമയം വലിയ സ്ക്രീനുകളിൽ വിവരിച്ചു നൽകുകയും ചെയ്യും. ചുവർ ചിത്രങ്ങൾ നശിച്ചു പോകാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.
പുരാതന റോമൻ ജീവിതത്തിൻ്റെ ആഡംബരവും കലയും അടുത്തറിയാൻ സഹായിക്കുന്ന ഈ പദ്ധതി കൊളോസിയം ആർക്കിയോളജിക്കൽ പാർക്കിൻ്റെ കീഴിലാണ് നടപ്പിലാക്കുന്നത്. ചരിത്രവും സാങ്കേതികവിദ്യയും കോർത്തിണക്കിയ രീതി വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.