വിമാനത്താവളം  Source: x/ @Russia
WORLD

റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

ഏകദേശം 140 വിമാനങ്ങൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

മോസ്കോ: യുക്രെയ്ൻ്റെ തുടർച്ചയായുള്ള ഡ്രോൺ ആക്രമണത്തിന് പിന്നാലെ റഷ്യയിലെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഏകദേശം 140 വിമാനങ്ങൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ മുതൽ റഷ്യ യുക്രെയ്ൻ്റെ 230 അധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയുടെ കണക്കനുസരിച്ച്, തലസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. 130 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

മോസ്കോയുടെ തെക്കുപടിഞ്ഞാറുള്ള കലുഗ മേഖലയെയും വ്യോമാക്രമണം ബാധിച്ചു. ശനിയാഴ്ച രാവിലെ മുതൽ 45 ഡ്രോണുകൾ തടഞ്ഞതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു, ഇതിന്റെ ഫലമായി കലുഗ അന്താരാഷ്ട്ര വിമാനത്താവളവും താൽക്കാലികമായി അടച്ചു.

റോസ്തോവ്, ബ്രയാൻസ്ക് എന്നിവയുൾപ്പെടെ യുക്രെനിയൻ അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിലും കരിങ്കടലിന് മുകളിലും ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യുക്രെനിയൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിൽ യാത്രാ തടസമുണ്ടാക്കുന്നത് ഇതാദ്യമല്ല. മെയ് മാസത്തിൽ, 24 മണിക്കൂറിനുള്ളിൽ 500-ലധികം ഡ്രോണുകൾ കീവ് വിക്ഷേപിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞത് 60,000 യാത്രക്കാർ കുടുങ്ങിയെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT