കാന്‍സറിനെതിരായ വാക്‌സിന്‍ എന്ററോമിക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം നൂറ് ശതമാനം വിജയമെന്ന് റഷ്യ. രോഗികളില്‍ ട്യൂമര്‍ ചുരുങ്ങുകയും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതായെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. കോവിഡ് 19 വാക്‌സിന് ഉപയോഗിച്ച mRNA സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാന്‍സര്‍ വാക്‌സിനും വികസിപ്പിച്ചത്.
കാന്‍സറിനെതിരെയുള്ള കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സകള്‍ക്ക് ബദലായി കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നതാണ് എന്ററോമിക്‌സ് വാക്‌സിന്‍ എന്നാണ് റഷ്യ പറയുന്നത്.
റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്റര്‍, ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കല്‍ ട്രയല്‍ സംഘടിപ്പിച്ചത്. 48 വളണ്ടിയര്‍മാര്‍ പരീക്ഷണത്തില്‍ പങ്കെടുത്തു.
റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാകും തുടക്കമാകുക.
കഴിഞ്ഞ ഡിസംബറിലാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യ ആദ്യമായി പ്രഖ്യാപിച്ചത്. വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യന്‍ ഭരണകൂടം തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിയ ഗവേഷണ ഫലമാണ് എന്ററോമിക്‌സ് വാക്‌സിന്‍. കോവിഡ് 19 വാക്‌സിന്‍ വളരെ വേഗത്തില്‍ വികസപ്പിക്കാന്‍ സഹായിച്ച എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യ തന്നെയാണ് ഈ വാക്‌സിനും ഉപയോഗിച്ചിരിക്കുന്നത്. ഓരോ രോഗിയുടെയും ട്യൂമര്‍ കോശങ്ങള്‍ക്കെതിരെ പ്രത്യേക പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സഹായിക്കുന്നു എന്നതാണ് വാക്‌സിന്റെ പ്രത്യേകതയായി അവകാശപ്പെടുന്നത്.
ഓരോ ഡോസും ഓരോ രോഗിയുടെയും ട്യൂമറിന്റെ ജനിതക ഘടനയ്ക്ക് അനുസരിച്ച് വ്യക്തിഗതമായി തയ്യാറാക്കുന്നു എന്നതാണ് എന്ററോമിക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത.
അത്യാധുനിക മ്യൂട്ടേഷന്‍-പ്രൊഫൈലിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ബയോമാര്‍ക്കര്‍-അധിഷ്ഠിത സമീപനമാണിത്.
സാധാരണ കാന്‍സര്‍ വാക്‌സിന്‍ എല്ലാ രോഗികള്‍ക്കും ഒരുപോലെയുള്ള ചികിത്സാ രീതിയാണ് പിന്തുടരുന്നത് എന്നതിനാല്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല. എന്നാല്‍ എന്ററോമിക്‌സ് ഓരോ വ്യക്തിയുടേയും ട്യൂമറിന്റെ ജനിതക ഘടന അനുസരിച്ചാണ് നിര്‍മിക്കുന്നത്. ഇത് രോഗപ്രതിരോധശേഷി കൂടുതല്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
mRNA സാങ്കേതികവിദ്യ വാക്‌സിനുകളുടെ വികസനം വേഗത്തിലാക്കും. വാക്‌സിന്‍ ഗവേഷണങ്ങളില്‍ മുന്‍പില്ലാതിരുന്ന വേഗതയും ഫലപ്രാപ്തിയുമാണ് ഈ സാങ്കേതികവിദ്യയിലൂടെ ലഭിക്കുന്നത്. മാത്രമല്ല, mRNAയിലൂടെ വിവിധതരം കാന്‍സറുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ വാക്‌സിന്‍ പെട്ടെന്ന് മാറ്റിയെടുക്കാനും സാധിക്കും.