Source: X
WORLD

യുക്രെയ്ൻ പട്ടണം സിവേഴ്സ്ക് പിടിച്ചെടുത്തെന്ന് റഷ്യ; വ്യോമാക്രമണത്തിൽ കനത്ത നാശം

സ്ലോവിയാൻസ്‌ക്, ക്രാമാറ്റോർസ്‌ക് നഗരങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സൈന്യമെന്നും റഷ്യ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കീവ്: യുക്രെയ്ൻ പട്ടണമായ സിവേഴ്സ്ക് പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ. സിവേഴ്സ്കിന് പിന്നാലെ സ്ലോവിയാൻസ്‌ക്, ക്രാമാറ്റോർസ്‌ക് നഗരങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സൈന്യമെന്നും റഷ്യ വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് നഗരം പിടിച്ചെടുത്തതെന്ന് റഷ്യ വ്യക്തമാക്കി.

നേരത്തെ കിഴക്കൻ ഖാർകിവ് മേഖലയിലെ മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ സൈനിക ജനറൽ കൊല്ലപ്പെട്ടതിന് പിന്നാലെ യുക്രൈനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. സൈത്തോമിര്‍ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശം. നാലുവയസ്സുകാരനടക്കം മൂന്നുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സെമിത്തോർ മേഖലയിലെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ഊര്‍ജ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയതോടെ യുക്രെയ്‌നിലെ പല പ്രദേശങ്ങളും ഇരുട്ടിലായി. കീവ് അടക്കമുള്ള പ്രദേശങ്ങളിലാണ് ഊര്‍ജ തടസം നേരിടുന്നത്.

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയ്‌ന്റെ ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ന്നതോടെ റിവ്‌നെ, ടെര്‍ണോപില്‍, ഖ്‌മെല്‍നിത്സി തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുത തടസം നേരിട്ടു. മുഴുവന്‍ ഊര്‍ജ സംവിധാനങ്ങളെയും തകര്‍ക്കുന്ന തരത്തില്‍ 650 ഡ്രോണുകളും മൂന്ന് ഡസൺ മിസൈലുകളുമാണ് യുക്രെയിനെ ലക്ഷ്യം വച്ച് എത്തിയതെന്നും സെലന്‍സ്‌കി പറഞ്ഞു.

635 ഡ്രോണുകളും 38 മിസൈലുകളുമാണ് റഷ്യ തൊടുത്തതെന്നും അതില്‍ 587 ഡ്രോണുകളും 34 മിസൈലുകളും യുക്രെയ്ന്‍ തകര്‍ത്തെന്നും വ്യോമ സേന അറിയിച്ചു. എന്നാല്‍ 21 പ്രദേശങ്ങളിലായി 31 ഡ്രോണുകള്‍ പതിക്കുകയും ചെയ്തു.

SCROLL FOR NEXT