Russian Kh-101 Cruise Missile Hits Poland Amid Allied Military Exercise; Tusk Calls It a Provocation News Malayalam
WORLD

പാശ്ചാത്യ സൈനികാഭ്യാസത്തിനിടെ പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ചു; 'പ്രകോപനമെന്ന്' പോളണ്ട്, 'ഗുരുതര ലംഘനമെന്ന്' നാറ്റോ

ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള തെക്കുകിഴക്കൻ പോളണ്ടിലെ ലുബ്ലിൻ മേഖലയിലുള്ള നോവി ലിപോവിക് എന്ന ഗ്രാമത്തിലെ വയലിലാണ് രാവിലെ 6:30-ഓടെ കെഎച്ച് 101 മിസൈൽ പതിച്ചതെന്ന് പോളണ്ട് പ്രതിരോധ മന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക് കമീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വാഴ്സോ: ഉക്രെയ്നിന് നേരെ റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തിനിടെ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ റഷ്യൻ ക്രൂയിസ് മിസൈൽ പോളണ്ടിലെ ഗ്രാമീണ മേഖലയിൽ പതിച്ചു. നവംബർ 20 വെള്ളിയാഴ്ച പുലർച്ചെ മൂന്ന് റഷ്യൻ മിസൈലുകളാണ് പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചതെന്നും, ഇതിലൊന്ന് റഷ്യയുടെ കൃത്യതയാർന്ന ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന കെഎച്ച് 101 ക്രൂയിസ് മിസൈലാണെന്ന് സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. എന്നാൽ മേഖലയിൽ ഉക്രെയ്ൻ സഖ്യകക്ഷികളുടെ സംയുക്ത സൈനികാഭ്യാസം നടക്കുന്ന സമയത്താണ് മിസൈൽ പതിച്ചതെന്നും ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതുന്നില്ലെന്നും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി.

ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള തെക്കുകിഴക്കൻ പോളണ്ടിലെ ലുബ്ലിൻ മേഖലയിലുള്ള നോവി ലിപോവിക് എന്ന ഗ്രാമത്തിലെ വയലിലാണ് രാവിലെ 6:30-ഓടെ കെഎച്ച് 101 മിസൈൽ പതിച്ചതെന്ന് പോളണ്ട് പ്രതിരോധ മന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക് കമീസ് അറിയിച്ചു. ഇതുകൂടാതെ റുഡ്നിക് നാഡ് സനേം എന്ന സ്ഥലത്തിന് സമീപം മറ്റൊരു മിസൈലും, മൊളോഡിക്സ് മേഖലയിൽ ഒരു ഡ്രോണിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പി.ബി.എസ് ന്യൂസ് അവർ റിപ്പോർട്ട് ചെയ്തു. ഇതിലൊരു മിസൈൽ സൈനികാഭ്യാസം നടക്കുന്ന നോവ ഡെംബ കേന്ദ്രത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ മാത്രം അകലെയാണ് പതിച്ചത്.

11 രാജ്യങ്ങൾ പങ്കെടുക്കുന്ന 'കൊയലിഷൻ ഓഫ് ദി വില്ലിംഗ്' സഖ്യത്തിന്റെ സൈനികാഭ്യാസം നടക്കുന്ന ദിവസം തന്നെയാണ് ഈ കടന്നുകയറ്റമുണ്ടായതെന്നും ഇത് റഷ്യയുടെ ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ പ്രകോപനമാണെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. സംഭവത്തെത്തുടർന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് സൈനിക-സുരക്ഷാ വിഭാഗം മേധാവികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. നാറ്റോയുടെ കിഴക്കൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെടുമെന്ന് വാഴ്സോ അറിയിച്ചു.

പോളണ്ടിന്റെ വ്യോമാതിർത്തിയിലുണ്ടായ കടന്നുകയറ്റം ഗുരുതരമായ ലംഘനമാണെന്നും റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം സൃഷ്ടിക്കുന്ന വ്യക്തമായ അപകടത്തിന്റെ ഫലമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ എക്സിൽ കുറിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ജർമ്മൻ വിദേശകാര്യ മന്ത്രാലയം, ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എന്നിവരും റഷ്യൻ നടപടിയെ ശക്തമായി അപലപിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

2022-ൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ ഉക്രെയ്നിന് നേരെ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നിനിടെയാണ് പോളണ്ടിലും മിസൈലുകൾ പതിച്ചത്. രാത്രിയിൽ റഷ്യ തൊടുത്തുവിട്ട 400-ലധികം ഡ്രോണുകളിലും 110-ലധികം മിസൈലുകളിലും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ എട്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി അറിയിച്ചു. പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ച സംഭവത്തെക്കുറിച്ച് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT