

ഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
യുക്രെയ്നിൽ നിന്ന് ചോളവുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്ന തുർക്കിയുടെ ഉടമസ്ഥതയിലുള്ള എംവി റൊയാദ് മമ്മദോവ് എന്ന ചരക്കുകപ്പലിന് നേരെയാണ് അന്താരാഷ്ട്ര ജലാതിർത്തിയിൽ വച്ച് റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും പിന്നീട് അത് കടലിൽ മുങ്ങുകയും ചെയ്തു. കപ്പലിൻ്റെ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് വിദേശ നാവികർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കപ്പലിൽ മൂന്ന് ഇന്ത്യൻ നാവികർ ഉണ്ടായിരുന്നു.
റൊമാനിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ ഇവരിൽ ഒരു ഇന്ത്യൻ നാവികന് പരിക്കേറ്റിട്ടുണ്ട്. നിലവിൽ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും പരിക്കേറ്റ വ്യക്തി റൊമാനിയയിലെ കോൺസ്റ്റാൻ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും റൊമാനിയയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.