നരേന്ദ്ര മോദി, വ്ളാഡിമർ പുടിന്‍ Source: ANI
WORLD

"റഷ്യന്‍ സർവകലാശാലകളില്‍ ഹിന്ദി പഠിപ്പിക്കണം"; ഇന്ത്യന്‍ ഭാഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പുടിന്‍ ക്യാബിനറ്റിലെ ഉപമന്ത്രി

ഹിന്ദി പഠിക്കാന്‍ ചേരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ മന്ത്രി

Author : ന്യൂസ് ഡെസ്ക്

മോസ്കോ: റഷ്യന്‍‌ സർവകലാശാലയില്‍ ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന് ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഇംഗ്ലീഷിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ ദൈനംദിന ജീവിതത്തിൽ ഹിന്ദിയിലാണ് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നതെന്നും തന്റെ ആശയം വിശദീകരിച്ചുകൊണ്ട് റഷ്യന്‍ മന്ത്രി പറഞ്ഞു. 'ടാസ്' ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന.

"ഞങ്ങളുടെ വിദ്യാർഥികളിൽ കൂടുതൽ പേർ ഹിന്ദി പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു", മൊഗിലേവ്സ്കി പറഞ്ഞു. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ അവസരങ്ങളുണ്ടെന്ന് അറിയിച്ച മൊഗിലേവ്സ്കി മോസ്കോയിൽ ഹിന്ദി പഠിപ്പിക്കുന്ന സർവകലാശാലകളെ പട്ടികപ്പെടുത്തി.

"മോസ്കോയിൽ മാത്രം, MGIMO, RSUH, മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്, മോസ്കോ സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് യൂണിവേഴ്സിറ്റി എന്നിവയുണ്ട്. ഹിന്ദി പഠിക്കാന്‍ ചേരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പുകളുടെ എണ്ണം രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്," മൊഗിലേവ്സ്കി പറഞ്ഞു.

മോസ്കോയിൽ മാത്രമല്ല, സെന്റ് പീറ്റേഴ്‌സ്ബർഗ്, കസാൻ ഫെഡറൽ സർവകലാശാലകൾ ഉൾപ്പെടെ റഷ്യയിലുടനീളം അവസരങ്ങൾ വളർന്നുവരികയാണ്. റഷ്യൻ എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം നൽകിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 27ന് ട്രംപ് ഭരണകൂടം ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിപ്പിച്ചതിന് പിന്നാലെയാണ് ഇത്. തീരുവ വർധനയ്ക്ക് പിന്നാലെ ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ യുഎസ് എതിരാളികളുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആതിഥേയത്വം വഹിച്ച വ്യാപാര ഉച്ചകോടിയില്‍ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ചർച്ച നടത്തിയിരുന്നു.

ഓഗസ്റ്റിൽ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ റഷ്യയുമായുള്ള ബന്ധത്തെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്ത് കെട്ടിപ്പടുത്ത ബന്ധങ്ങളിൽ ഏറ്റവും "സ്ഥിരതയാർന്ന" ബന്ധമെന്നാണ് വിശേഷിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്നും വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.

SCROLL FOR NEXT