CEO Of $970 Million Firm Turns To Teens For Business Advice 
WORLD

8000 കോടിയുടെ കമ്പനി നടത്താൻ ഉപദേശം തേടുന്നത് 'ജെൻ സിയോടും ആൽഫയോടും ; വന്‍ തന്ത്രവുമായി പ്രമുഖ സിഇഒ!

കമ്പനിയുടെ സ്റ്റോർ പ്രവർത്തനങ്ങൾ, ഉപഭോക്തൃ അനുഭവം, വിപണി ക്യാമ്പെയ്‌നുകൾ, ഭാവി ബിസിനസ്സ് തീരുമാനങ്ങള്‍ എന്നിവയിലൊക്കെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉപദേശം നൽകുന്നതിനാണ് ഈ യുവ സംഘം.

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: പുതുതലമുറയ്ക്ക് ജോലിയില്‍ ഉത്തരവാദിത്തവും താല്പര്യവും കുറവാണെന്ന് മിക്ക കമ്പനി മേധാവികളും പരാതിപ്പെടുമ്പോൾ, കൗമാരക്കാരെ തങ്ങളുടെ കമ്പനിയുടെ നയരൂപീകരണത്തിന്റെ ഭാഗമാക്കി വേറിട്ട മാതൃക തീർക്കുകയാണ് ഏകദേശം 8,000 കോടിയിലധികം രൂപ വിറ്റുവരവുള്ള പ്രമുഖ അമേരിക്കൻ ഫാഷൻ റീട്ടെയിലർ കമ്പനിയായ 'പാക്സൺ' സിഇഒ ബ്രിയാൻ ഓൾസൺ. ജെൻ സി , ജെൻ ആൽഫ വിഭാഗത്തിൽപ്പെട്ട 13 മുതൽ 22 വയസ്സ് വരെയുള്ള 15 കൗമാരക്കാരെയും യുവാക്കളെയും ഉൾപ്പെടുത്തി പ്രത്യേക 'യൂത്ത് അഡ്വൈസറി കൗൺസിൽ' രൂപീകരിച്ചിരിക്കുകയാണ് 'പാക്സൺ'. കമ്പനിയുടെ സ്റ്റോർ പ്രവർത്തനങ്ങൾ, ഉപഭോക്തൃ അനുഭവം, വിപണി ക്യാമ്പെയ്‌നുകൾ, ഭാവി ബിസിനസ്സ് തീരുമാനങ്ങള്‍ എന്നിവയിലൊക്കെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉപദേശം നൽകുന്നതിനാണ് ഈ യുവ സംഘം.

യുവ ഉപഭോക്താക്കൾക്കായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ ജെൻ സി-യെയും ആൽഫയെയും സമൂഹം വലിയതോതിൽ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ബ്രിയാൻ ഓൾസൺ ഫോർച്യൂൺ മാഗസിനോട് പറഞ്ഞു. കമ്പനിയുടെ തീരുമാനങ്ങളിൽ അവർക്ക് നേരിട്ട് പങ്കാളിത്തം നൽകാനും, നിലവിലുള്ള ആശയങ്ങളെ ചോദ്യം ചെയ്യാനും, പുതിയ ട്രെൻഡുകൾ കണ്ടെത്തി മാറ്റങ്ങൾ നിർദ്ദേശിക്കാനും ഇവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 2024-2025 കാലയളവിലെ ആദ്യ കൗൺസിലിലേക്ക് കമ്പനി നേരിട്ട് ആളുകളെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 2026 - 2027 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഏകദേശം ആയിരത്തോളം യുവജനങ്ങളാണ് മുന്നോട്ടുവന്നത്. ഇതോടെ അംബാസഡർ പ്രോഗ്രാമിലൂടെ പദ്ധതി വിപുലീകരിക്കാൻ കമ്പനി തീരുമാനിച്ചു. നിലവിൽ 13-നും 22-നും ഇടയിൽ പ്രായമുള്ള മുന്നൂറോളം പേർ ഡിസൈനിംഗ്, സ്റ്റൈലിംഗ്, വിഷ്വൽ ആർട്സ് തുടങ്ങിയ മേഖലകളിൽ പാക്സണുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

കൗമാരക്കാരുടെ നിർദ്ദേശങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ പുത്തന്‍ രീതിയില്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ചതായി സിഇഒ വ്യക്തമാക്കുന്നു. സ്റ്റോറുകളുടെ ലേഔട്ട് മാറ്റുന്നതിനും ഉപഭോക്താക്കളുടെ സ്റ്റോറിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും പുറമെ, എതിരാളി കമ്പനികളെ വിശകലനം ചെയ്ത് അവരില്‍ നിന്നും വ്യത്യസ്തത കൊണ്ടുവരാനം ഈ ജെന്‍ യുവ സംഘം നിർദ്ദേശിച്ചത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. കമ്പനിയുടെ മേധാവികളുമായി നേരിട്ട് സംവദിക്കാനും മെന്റർഷിപ്പും ലഭിക്കുന്നതിനാല്‍ പുതിയ തലമുറയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കാനാകുമെന്നും ഓൾസൺ വിശ്വസിക്കുന്നു. ഇതിനുപുറമെ, സ്നാപ്ചാറ്റ്, പിന്ററസ്റ്റ്, ടിക് ടോക്ക് തുടങ്ങിയ ടെക് കമ്പനികളെയും സെലീന ഗോമസിന്റെ റെയർ ഇംപാക്ട് ഫണ്ട് ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകളെയും പങ്കെടുപ്പിച്ച് 'പർപ്പസ് സമ്മിറ്റ്' എന്ന പേരിൽ പ്രത്യേക ഉച്ചകോടിയും പാക്സൺ സംഘടിപ്പിക്കുന്നുണ്ട്.

SCROLL FOR NEXT