അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷെയ്ഖ് ഹസീന. തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച ഷെയ്ഖ് ഹസീന ധാക്ക കോടതിയുടേത് ഏകപക്ഷീയമായ തീരുമാനമെന്നും ആരോപിച്ചു.
ജനാധിപത്യപരമായ അധികാരമില്ലാത്ത, തെരഞ്ഞെടുക്കപ്പെടാത്ത ഒരു സർക്കാർ സ്ഥാപിച്ചതും അധ്യക്ഷനായതുമായ ഒരു കപട ട്രൈബ്യൂണലാണ് തനിക്കെതിരായ പ്രഖ്യാപിച്ച വിധികൾ പുറപ്പെടുവിച്ചതെന്നും ഷെയ്ഖ് ഹസീനയുടെ പേരിൽ അവാമി ലീഗ് പുറത്തുവിട്ട പ്രതികരണത്തിൽ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ തെരഞ്ഞെടുക്കപ്പെട്ട അവസാന പ്രധാനമന്ത്രിയെ നീക്കം ചെയ്യാനും അവാമി ലീഗിനെ ഇല്ലാതാക്കാനുമുള്ള ഇടക്കാല സർക്കാരിൻ്റെ ശ്രമമാണിതെന്നും പ്രതികരണത്തിൽ പറയുന്നു.
ഐസിടിയിൽ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പൂർണമായും നിഷേധിക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയിലും ആഗസ്റ്റിലും നടന്ന എല്ലാ മരണങ്ങളിലും ദുഃഖമുള്ളതായും എന്നാൽ പ്രതിഷേധക്കാരെ കൊല്ലാൻ താനോ തൻ്റെ പാർട്ടിയോ ഉത്തരവിട്ടിട്ടില്ലെന്നും ഹസീന പ്രതികരണത്തിൽ വ്യക്തമാക്കുന്നു.
കോടതിയിൽ തന്നെ പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഹസീന പറഞ്ഞു. അവാമി ലീഗിലെ അംഗങ്ങളെ മാത്രമാണ് ഐസിടി വിചാരണ ചെയ്തതെന്നും മതന്യൂനപക്ഷങ്ങൾ, തദ്ദേശവാസികൾ, പത്രപ്രവർത്തകർ, മറ്റുള്ളവർ എന്നിവർക്കെതിരായ മറ്റു പാർട്ടികൾ നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഹസീന ആരോപിച്ചു.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ പ്രക്ഷോഭത്തിനിടെ 1400 ഓളം പേർ മരിക്കാനിടയായ സംഭവത്തിലാണ് ധാക്ക കോടതി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. കൂട്ടക്കൊലയിൽ പങ്കാളിയായി എന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.