WORLD

മുഹമ്മദ് യൂനുസ് അശക്തൻ; ബംഗ്ലാദേശ് തീവ്രവാദ ​ഗ്രൂപ്പുകളുടെ കയ്യിലേക്ക് പോകുന്നു: ഷെയ്ഖ് ഹസീന

ഇടക്കാല സർക്കാരിന് കീഴിൽ രാജ്യം അരാജകത്വത്തിലേക്ക് വഴുതി വീണുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബം​ഗ്ലാദേശ് തീവ്രവാദ ​ഗ്രൂപ്പുകളുടെ കയ്യിലേക്ക് പോകുകയാണെന്നും മുഹമ്മദ് യൂനുസ് അശക്തനെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇടക്കാല സർക്കാരിന് കീഴിൽ രാജ്യം അരാജകത്വത്തിലേക്ക് വഴുതി വീണുവെന്നും ബംഗ്ലാദേശിലെ കലാപം, ഇന്ത്യാ ബന്ധം വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഹസീന ഇടക്കാല ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചത്. വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തോടെ വലിയ സംഘർഷത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും ബംഗ്ലാദേശ് പോകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹസീനയുടെ പ്രതികരണം പുറത്തുവന്നത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളാകുന്നത് മുഹമ്മദ് യൂനുസിൻ്റെ സൃഷ്ടിയാണ്. ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായി പ്രസ്താവനകൾ ഇറക്കിയെന്നും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി.

"യൂനുസ് ഭരണകൂടത്താൽ ധൈര്യപ്പെട്ട തീവ്രവാദികളാണ് ശത്രുത സൃഷ്ടിക്കുന്നത്. ഇവരാണ് ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് ചെയ്യുകയും ന മാധ്യമ ഓഫീസുകൾ ആക്രമിക്കുകയും ചെയ്തത്. ന്യൂനപക്ഷങ്ങളെ അകാരണമായി ആക്രമിക്കുകയും എന്നെയും എൻ്റെ കുടുംബത്തെയും പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതും ഇവരാണ്. ഇത്തരത്തിലുള്ള തീവ്രവാദികളെ യൂനുസ് അധികാരസ്ഥാനങ്ങളിൽ ഇരുത്തുകയും, അവരുടെ കൂട്ടത്തിൽ ഉണ്ടായ ജയിലിലാക്കപ്പെട്ടവരെ പുറത്തെത്തിച്ചു. ഭീകര സംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകൾക്ക് സാമൂഹികാം​ഗീകാരം നൽകി", ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി.

തന്നെ വധശിക്ഷ വിധിച്ചതിനെക്കുറിച്ചും ഹസീന പ്രതികരിച്ചു. അത് രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനുള്ള വിധി മാത്രമാണ്. അതിൽ നീതിയോ ന്യായമോ ​ജുഡീഷ്യൽ നടപടിക്രമങ്ങളോ പാലിക്കപ്പെട്ടില്ല- ഹസീന പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളാകുന്നതിനെക്കുറിച്ചും മുൻ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

ഒസ്മാൻ ഹാദിയുടെ കൊലപാതകത്തോടെ ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രതിഷേധവും ശക്തമാണ്. ഹാദിയുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ബം​ഗ്ലാദേശിൻ്റെ ആരോപണം. കഴിഞ്ഞ ജൂലൈയിലെ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിക്ക് ഡിസംബർ 12 നാണ് ധാക്കയിൽ വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ വെടിയേറ്റത്. ഡിസംബർ 18 ന് ഹാദി മരിച്ചതോടെയാണ് ബംഗ്ലാദേശിലുടനീളം സംഘർഷം ശക്തിപ്പെടുകയായിരുന്നു.

SCROLL FOR NEXT