ആക്സിയം 4 ദൗത്യസംഘം Source: X/ SpaceX
WORLD

ബഹിരാകാശത്ത് 18 ദിവസങ്ങള്‍, ചരിത്രമെഴുതി ശുഭാന്‍ഷു; ആക്സിയം 4 ദൗത്യസംഘം ഭൂമിയില്‍ തിരിച്ചെത്തി

കാലിഫോർണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തു

Author : ന്യൂസ് ഡെസ്ക്

കാലിഫോർണിയ: ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലെത്തി. വൈകിട്ട് മൂന്ന് മണിയോടെ കാലിഫോർണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തു.

തുടർന്ന് ഡ്രാഗൺ ഗ്രേസ് പേടകത്തെ റിക്കവറി കപ്പലായ ഷാനണിലേക്ക് മാറ്റി. സ്പേസ് എക്സിൻ്റെ കാലിഫോർണിയ കേന്ദ്രത്തിൽ നിന്ന് എക്സിറ്റ് ഗ്രീൻ സിഗ്നൽ കിട്ടിയതിനു പിന്നാലെയാണ് ദൗത്യസംഘം പുറത്തേക്കിറങ്ങിയത്. പേടകത്തിന് പുറത്തിറങ്ങിയ ശുഭാന്‍ഷു ശുക്ല ചിരിയോടെ കൈകൾ വീശി അഭിവാദ്യം ചെയ്തു. ശുഭാന്‍ഷുവിന് പിന്നാലെ മറ്റ് ബഹിരാകാശ യാത്രികരും പുറത്തിറങ്ങി. മകൻ പുറത്തിറങ്ങുന്നത് ശുഭാന്‍ഷുവിൻ്റെ അച്ഛനും അമ്മയും തത്സമയം കണ്ടു.

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച ഇന്ത്യക്കാരനായി ചരിത്രമെഴുതിയ ശേഷമാണ് ശുഭാന്‍ഷു ശുക്ല ഭൂമിയില്‍ തിരികെ എത്തിയിരിക്കുന്നത്. 18 ദിവസമാണ് (433 മണിക്കൂർ) ശുഭാന്‍ഷുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തങ്ങിയത്.

ഇന്നലെ വൈകിട്ട് 4:30നാണ് സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്നും വിജയകരമായി അൺഡോക്ക് ചെയ്തത്. ഭൂമിയിലേക്കുള്ള യാത്രയ്ക്ക് സംഘം 22.5 മണിക്കൂർ ആണെടുത്തത്

14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേര്‍ ഉള്‍പ്പെട്ട ആക്‌സിയം ദൗത്യത്തിന്റെ ലക്ഷ്യം. ജൂണ്‍ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശുഭാൻശു ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മറ്റൊരു നാഴികകല്ലെന്ന് മോദി എക്സിൽ കുറിച്ചു.

SCROLL FOR NEXT