ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാറിലെ ഒരു ഫ്ലൈഓവറിൽ നിന്ന് ഒരു സംഘം സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ടാഴ്ചയായി കലാപ കലുഷിതമായ ബംഗ്ലാദേശിലെ സ്ഥിതി ഇതോടെ ഒന്നുകൂടി രൂക്ഷമായി.
മോഗ്ബസാറിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് മുന്നിലുള്ള ഫ്ലൈഓവറിന് താഴെയാണ് സ്ഫോടനം നടന്നത്. സിയാം എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.
ആക്രമണ ഉദ്ദേശ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും ധാക്കയിലെ റാംന ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.