ബ്രാട്ടിസ്‌ലാവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 72കാരന് 21 വർഷം തടവുശിക്ഷ. പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയാണ് ശിക്ഷ . ബാൻസ്ക ബൈസ്ട്രിക്കയിലെ സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയാണ് ചൊവ്വാഴ്ച 72 കാരനായ ജുരാജ് സിന്റുല എന്നയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ഹാൻഡ്‌ലോവ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ പ്രതി ജുറാജ് സിന്റുല വെടിയുതിർത്തത്. ആക്രമണത്തിൽ മന്ത്രിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം ചുമതലകളിലേക്ക് തിരിച്ചെത്തിയത്.
ആദ്യം പ്രോസിക്യൂട്ടർമാർ ചേർന്ന് സിന്റുലയ്‌ക്കെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് രാഷ്ട്രീയ പ്രേരണ ചൂണ്ടിക്കാട്ടി വെടിവയ്പ്പിനെ "ഭീകരാക്രമണം" എന്ന് വാദിച്ചു. എന്നാൽ കൊല്ലാൻ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും സ്ലോവാക്കിയയുടെ സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും കോട്ടം തട്ടുന്ന ഫിക്കോയുടെ നയങ്ങൾക്ക് തടയിടുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
നാലാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ഫിക്കോ കൂടുതൽ ജനകീയനായി മാറിയ പോലെയാണെന്നും. എന്നാൽ അത് രാജ്യത്തിൽ കൂടുതൽ ഭിന്നിപ്പുണ്ടാക്കുകയാണെന്നും വിമർശകർ പറഞ്ഞു. ഫിക്കോയുടെ വിദേശ നയത്തെയും അവർ വിമർശിച്ചു. വെടിവയ്പ്പും തുടർന്നുണ്ടായ വിചാരണയും നാറ്റോ അംഗത്വമുള്ള ചെറിയ രാജ്യമായ സ്ലോവാക്യയെ പിടിച്ചുകുലുക്കിയിരുന്നു.