Source: Screengrab
WORLD

വടക്കൻ യൂറോപ്പിനെ പിടിച്ചുലച്ച് ഗൊരേറ്റി കൊടുങ്കാറ്റ്; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ, റോഡ്-റെയിൽ ഗതാഗതവും താറുമാറായി

ലണ്ടനിലെ ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, ബർമിങ്ഹാം വിമാനത്താവളങ്ങളെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു

Author : ന്യൂസ് ഡെസ്ക്

വടക്കൻ യൂറോപ്പിൽ കനത്ത നാശം വിതച്ച് ഗൊരേറ്റി കൊടുങ്കാറ്റ് .കടുത്ത മഞ്ഞുവീഴ്ചയിലും കാറ്റിലും യൂറോപ്യൻ രാജ്യങ്ങളിലെ റോഡ്-റെയിൽ ഗതാഗതം താറുമാറായി.ഫ്രാൻസിലും ബ്രിട്ടണിലുമായി ആയിരക്കണക്കിന് വീടുകൾ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടെ ഇരുട്ടിലാണ്.

ഫ്രാൻസ്, ബ്രിട്ടൺ, ജർമനി എന്നീ രാജ്യങ്ങളിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി.സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വലിയ മഞ്ഞുവീഴ്ചയും കാറ്റും കൂടിയായതോടെ വടക്കൻ യൂറോപ്പിലെ ജനജീവിതം ദുസ്സഹമായിക്കഴിഞ്ഞു.

ഇംഗ്ലണ്ടിലെ ഷെഫീൽഡ്, സൗത്ത് യോർക്ഷയർ, മാഞ്ചസ്റ്റർ റൂട്ടുകളിലും മാഞ്ചസ്റ്ററിൽ നിന്ന് പീക്ക് ഡിസ്ട്രിക്റ്റിലേക്കുള്ള ലൈനുകളിലുമാണ് നിലവിൽ സർവീസുകൾ പൂർണമായും മുടങ്ങിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി യാത്രക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, ബർമിങ്ഹാം വിമാനത്താവളങ്ങളെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു.റൺവേകളിൽ മഞ്ഞ് കട്ടപിടിച്ചതും ശക്തമായ കാറ്റും കാരണം നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. ഹീത്രോവിൽ മാത്രം അമ്പതിലധികം വിമാനങ്ങൾ ആണ് റദ്ദാക്കിയത്.

ഫ്രാൻസിൽ മാത്രം 3,80,000ത്തിലധികം വീടുകളിൽ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു. സ്കോട്ട്ലൻഡിലും സെൻട്രൽ ഇംഗ്ലണ്ടിലും 57,000ത്തോളം വീടുകളിൽ വൈദ്യുതിയില്ല.മഞ്ഞുവീഴ്ച ശക്തമായതോടെ നെതർലൻഡ്സിലും വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി.

SCROLL FOR NEXT