WORLD

പാകിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് ചാവേറാക്രമണം; മൂന്ന് അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടു

ഈ സമയം ഗേറ്റിന് സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ സൈനിക ആസ്ഥാനത്ത് ചാവേറാക്രമണം. മൂന്ന് അര്‍ധ സൈനികര്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ഫെഡറല്‍ കോണ്‍സ്റ്റാബുലറിയുടെ തലസ്ഥാനത്ത് ആക്രമണമുണ്ടായത്.

മൂന്ന് പേരടങ്ങുന്ന സംഘമാണ് സൈനിക ആസ്ഥാനത്തെത്തി ആക്രമണം നടത്തിയത്. പുലര്‍ച്ചെ കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ സായുധ സംഘം വെടിവെപ്പ് നടത്തി. ഇതില്‍ രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഒരു ചാവേര്‍ ഗേറ്റില്‍ വച്ചു തന്നെ പൊട്ടിത്തെറിച്ചു.

ഈ സമയം ഗേറ്റിന് സമീപമുണ്ടായിരുന്ന അര്‍ധ സൈനികരാണ് കൊല്ലപ്പെട്ടത്. നടന്നത് ഭീകരാക്രമണമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തീവ്രവാദികള്‍ക്ക് പക്ഷെ ഉള്ളിലെ പരേഡ് ഗ്രൗണ്ടിലെത്താനായില്ലെന്നും അതിന് മുമ്പ് തന്നെ സൈനികര്‍ ഇടപെട്ട് ഭീകരവാദികളെ കൊലപ്പെടുത്തിയെന്നും പെഷവാര്‍ പൊലീസ് തലവന്‍ സയീദ് അഹമ്മദ് പ്രതികരിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT