Supertanker Carrying 2 Million Barrels of Crude Oil Hits Mine and Explodes in Strait of Hormuz: Iran Issues Warning News Malayalam 24x7
WORLD

'ഞങ്ങളെ കബളിപ്പിക്കാന്‍ നോക്കരുത്': 20 ലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണയുമായി പോയ കൂറ്റൻ ടാങ്കർ ഹോർമുസ് കടലിടുക്കിൽ മുങ്ങി, മുന്നറിയിപ്പുമായി ഇറാന്‍

ഇറാനിയൻ നാവിക അധികൃതരെ കബളിപ്പിക്കുന്നതിനായി കപ്പൽ അതിന്റെ റഡാറുകളും ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങളും ബോധപൂർവ്വം ഓഫാക്കിയിരുന്നുവെന്ന് ഐആർജിസി കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

തെഹ്‌റാൻ: 20 ലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണയുമായി പോയ കൂറ്റൻ ടാങ്കർ കപ്പൽ ഹോർമുസ് കടലിടുക്കിൽ കത്തിയമർന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തി. തങ്ങളുടെ അനുമതിയില്ലാതെ അനധികൃതമായി അന്താരാഷ്ട്ര കപ്പൽച്ചാൽ മുറിച്ചുകടക്കാൻ ശ്രമിച്ച എണ്ണക്കപ്പലാണ് കടല്‍ മൈനില്‍ ഇടിച്ച് അപകടത്തിൽപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിയൻ നാവിക അധികൃതരെ കബളിപ്പിക്കുന്നതിനായി കപ്പൽ അതിന്റെ റഡാറുകളും ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങളും ബോധപൂർവ്വം ഓഫാക്കിയിരുന്നുവെന്ന് ഐആർജിസി കുറ്റപ്പെടുത്തി.

"ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. ഇറാന്റെ പരമാധികാര തീരുമാനങ്ങളെയും നിയന്ത്രണങ്ങളെയും വെല്ലുവിളിക്കുന്നതിന്റെ അനന്തരഫലം തീയിൽ വെന്തുരുകുക എന്നതായിരിക്കും" എന്ന് ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ മറ്റ് കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കും തിരിച്ചടിയായാണ് ഈ തന്ത്രപ്രധാന ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ കർശനമായി നിയന്ത്രിച്ചിരിക്കുന്നത്.

ലോകത്തെ 20% അസംസ്കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ആഗോള വിപണിയിൽ എണ്ണവില ഉയർന്ന നിരക്കിൽ നിലനിർത്താനുമായി കപ്പലുകൾക്കെതിരെ പുതിയ യുദ്ധതന്ത്രങ്ങളാണ് ഇറാൻ പയറ്റുന്നതെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ജൂണിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതിന് ശേഷം മധ്യസ്ഥർ വഴി ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഹോർമുസിന് പുറമെ കരിങ്കടലിലെ ആക്രമണങ്ങളും ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന കപ്പൽ വേട്ടയും കൂടിയായതോടെ ആഗോള നാവിക ഗതാഗതം സമാനതകളില്ലാത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.

SCROLL FOR NEXT