കുനാർ നദി 
WORLD

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിക്ക് കുറുകെ ഡാം കെട്ടാനൊരുങ്ങി താലിബാൻ; പരമോന്നത നേതാവ് നിർദേശം നൽകിയതായി റിപ്പോർട്ട്

താലിബാന്റെ ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി മുജാഹിദ് ഫറാഹി സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

കാബൂൾ: പാക്-അഫ്ഗാൻ സംഘർഷം വർധിക്കുന്നതിന് പിന്നാലെ, പാകിസ്ഥാനിലേക്കൊഴുകുന്ന കുനാർ നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനൊരുങ്ങി താലിബാൻ. ഇതുവഴി പാകിസ്ഥാനിലെ സിന്ധു നദിയിലേക്ക് ജലമൊഴുകുന്നത് തടയാനാണ് താലിബാൻ്റെ പദ്ധതി. സോഷ്യൽ മീഡിയ വഴിയാണ് താലിബാൻ ഡാം നിർമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

പാക്- അഫ്ഗാന്‍ അതിര്‍ത്തിയിൽ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തിലാണ് താലിബാൻ്റെ നിർണായക പ്രഖ്യാപനം. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദയാണ് പ്രഖ്യാപനം നടത്തിയത്.

കഴിയുന്നത്ര വേഗത്തിൽ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ ഹിബത്തുള്ള അഖുന്ദ്‌സാദ ഉത്തരവിട്ടതായി താലിബാൻ നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. വിദേശ സ്ഥാപനങ്ങൾക്കായി കാത്തിരിക്കാതെ, അഫ്ഗാൻ കമ്പനികളുമായി ചേർന്ന് അണക്കെട്ടുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പിടാൻ അഖുന്ദ്‌സാദ അഫ്ഗാനിസ്ഥാന്റെ ജല-വൈദ്യുത മന്ത്രാലയത്തോട് നിർദേശിച്ചു.

താലിബാന്റെ ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി മുജാഹിദ് ഫറാഹി അഖുന്ദ്‌സാദയുടെ നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അഫ്ഗാനിസ്ഥാൻകാർക്ക് സ്വന്തം ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്നായിരുന്നു താലിബാന്റെ ജല-വൈദ്യുത മന്ത്രി അബ്ദുൾ ലത്തീഫ് മൻസൂറിൻ്റെ പ്രസ്താവന.

പാകിസ്ഥാനിലെ ചിയാന്തർ ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച് അഫ്ഗാനിസ്ഥാനിലെ കാബൂൾ നദിയിലേക്ക് ഒഴുകുന്ന നദിയാണ് കുനാർ. കുനാർ നദിയുടെ ഒഴുക്കാണ് പാകിസ്ഥാനിലെ സിന്ധു നദിയെ പോഷിപ്പിക്കുന്നത്. ഇത് ജലസേചനം, കുടിവെള്ളം, ജലവൈദ്യുത ഉത്പാദനം എന്നിവയുടെ പ്രധാന സ്രോതസ്സാണ്. ഡാം നിർമിക്കുന്നതിനുള്ള അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്നാണ് അധിതൃതർ സൂചിപ്പിക്കുന്നത്.

SCROLL FOR NEXT