കാബൂൾ: പാക്-അഫ്ഗാൻ സംഘർഷത്തിൽ ഇതുവരെ 58 പാക് സൈനികരെ വധിച്ചെന്ന വാദവുമായി താലിബാൻ രംഗത്ത്. 58 പാക് സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 25 പാകിസ്താൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കുന്നതിൽ നിന്ന് പാകിസ്താൻ വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു.
അതേസമയം, താലിബാൻ്റെ ഈ വാദങ്ങൾ പാകിസ്താൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാൻ അതിർത്തിയിലെ 19 സൈനിക പോസ്റ്റുകൾ സുരക്ഷാ സേന പിടിച്ചെടുത്തതായി പാകിസ്ഥാനും അവകാശപ്പെട്ടു. പാകിസ്ഥാൻ്റെ ഒരാക്രമണത്തിനും മറുപടി ലഭിക്കാതെ പോകില്ലെന്നും താലിബാൻ സർക്കാരിൻ്റെ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.
"പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഐഎസ്ഐസ് ഭീകരരെ ഒളിപ്പിക്കുന്നുണ്ട്. ഭീകരരുടെ സാന്നിധ്യത്തിന് നേരെ അവർ കണ്ണടയ്ക്കുകയാണ്. അഫ്ഗാൻ്റെ ആകാശവും മണ്ണും അതിർത്തിയുമെല്ലാം ഒരുപോലെ സംരക്ഷിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. പാകിസ്ഥാൻ്റെ ഒരു ആക്രമണത്തിനും ഞങ്ങൾ മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ അവരുടെ മണ്ണിൽ ഒളിപ്പിച്ചിരിക്കുന്ന ഐഎസ്ഐഎസുകാരെ ഇസ്ലാമിക് എമിറേറ്റിന് കൈമാറണം," സബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.
"പോരാട്ടത്തിൽ 20 ഓളം ഇസ്ലാമിക് എമിറേറ്റ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. നിരവധി ആയുധങ്ങൾ ഇസ്ലാമിക് എമിറേറ്റ്സ് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നും പാകിസ്ഥാന് ഉചിതമായ മറുപടി ഞങ്ങൾ നൽകും," അഫ്ഗാൻ പ്രതിനിധി വ്യക്തമാക്കി.