അഫ്ഗാനിസ്ഥാന്‍ ഭൂകമ്പം 
WORLD

അന്യപുരുഷന്‍ സ്ത്രീ ശരീരത്തില്‍ തൊടാന്‍ പാടില്ല! അഫ്ഗാന്‍ വനിതകളെ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുക്കി താലിബാന്റെ വിലക്ക്

അന്യപുരുഷന്മാരെ സ്ത്രീ ശരീരത്തില്‍ സ്പർശിക്കുന്നതില്‍ നിന്ന് വിലക്കുന്ന താലിബാന്‍ നിയമമാണ് രക്ഷാപ്രവർത്തകരെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കാബൂള്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാകൃത ആചാരങ്ങള്‍ മുറുക്കെപ്പിടിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പാനന്തര രക്ഷാപ്രവർത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നു. 2,200ഓളം പേരുടെ മരണത്തിന് കാരണമായ ഭൂചലനത്തില്‍ പൊളിഞ്ഞു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഏറ്റവും അവസാനം മോചിപ്പിക്കപ്പെടുന്നത് സ്ത്രീകളാണ്. പലരും രക്ഷിക്കപ്പെടുന്നുമില്ല എന്നാണ് റിപ്പോർട്ടുകള്‍. ഇതിനു കാരണമാകുന്നത് താലിബാന്റെ ചില വിലക്കുകളാണ്.

അന്യപുരുഷന്മാരെ സ്ത്രീ ശരീരത്തില്‍ സ്പർശിക്കുന്നതില്‍ നിന്ന് വിലക്കുന്ന താലിബാന്‍ നിയമമാണ് രക്ഷാപ്രവർത്തകരെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. സ്ത്രീ രക്ഷാപ്രവർത്തകരുടെ അഭാവത്തിൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി വനിതകളെ പുറത്തെടുക്കാൻ കഴിയുന്നില്ല. വനിതകളുടെ മൃതദേഹങ്ങള്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ചർമവുമായി സമ്പർക്കം ഒഴിവാക്കാനാണ് രക്ഷാപ്രവർത്തകർ ഈ മാർഗം സ്വീകരിച്ചത്.

2021 ഓഗസ്റ്റിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷമാണ്, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നിരവധി വിലക്കുകള്‍ നിലവില്‍ വന്നത്. ആറാം ക്ലാസിനപ്പുറം സ്കൂൾ വിദ്യാഭ്യാസം നിരോധിക്കുന്നത് ഉൾപ്പെടെ സ്ത്രീകൾക്ക് മേൽ താലിബാൻ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശമ്പളമുള്ള ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. പൊതു പാർക്കുകളിൽ നടക്കുന്നത്, പുരുഷ സഹായിയില്ലാതെ യാത്ര ചെയ്യുന്നത്, ശരീരം പൂർണമായി മറയ്ക്കാതെ വീടിന് പുറത്തിറങ്ങുന്നത് എന്നിവയ്ക്കും വിലക്കുണ്ട്. വനിതകളെ പൊതു ജീവിതത്തില്‍ നിന്നും അകറ്റുന്ന ലിംഗ വിവേചന സംവിധാനം നടപ്പിലാക്കുകയാണ് താലിബാന്‍ എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

അഫ്ഗാനിസ്ഥാനില്‍ റിക്ടർ സ്കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ല. 2,200 ൽ അധികം ആളുകൾ മരിക്കുകയും 3,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.

SCROLL FOR NEXT