
കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ രഹസ്യമായി പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണുകള്‍ ലക്ഷ്യമാക്കി താലിബാന്‍. 'രഹസ്യ സലൂണുകള്‍' എത്രയും പെട്ടെന്ന് നിർത്തണമെന്നാണ് താലിബാന്റെ ഉത്തരവ്. ഒരു മാസമാണ് ഇതിനായി സമയം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
2023ല്‍ ഔദ്യോഗികമായി താലിബാന്‍ രാജ്യത്തെ എല്ലാ ബ്യൂട്ടി സലൂണുകളും നിരോധിച്ചിരുന്നു. ഇതോടെ 12,000ത്തോളം വ്യാപാര സ്ഥാപനങ്ങളാണ് അടുച്ചുപൂട്ടിയത്. 50,000ത്തിലധികം വനിതാ ബ്യൂട്ടീഷ്യന്മാർക്ക് ജോലിയും നഷ്ടമായി. എന്നാല്‍, താലിബാന്റെ കണ്ണില്‍പ്പെടാതെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ രഹസ്യ സലൂണുകള്‍ പ്രവർത്തനം തുടർന്നിരുന്നു.
രാജ്യത്തെ രഹസ്യ സലൂണുകളുടെ പ്രവർത്തനം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ പുതിയ ഉത്തരവ്. ഇത്തരം രഹസ്യ ബിസിനസുകൾ വേരോടെ പിഴുതെറിയാനും ഇല്ലാതാക്കാനും ഉദ്ദേശിക്കുന്നതായി താലിബാൻ അറിയിച്ചു. രഹസ്യ ബ്യൂട്ടി സലൂണുകൾ തിരിച്ചറിയണമെന്നും അവ നടത്തുന്നവരെപ്പറ്റി റിപ്പോർട്ട് ചെയ്യണമെന്നുമാണ് സാമുദായിക നേതാക്കള്‍ക്ക് മുതിർന്ന പൗരർക്ക് നല്‍കിയിരിക്കുന്ന നിർദേശം.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, ശമ്പളമുള്ള ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കുകയും സെക്കൻഡറി സ്കൂളിലോ യൂണിവേഴ്സിറ്റിയിലോ പോകുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പൊതു ജീവിതത്തില്‍ നിന്നും അകറ്റുന്ന ലിംഗ വിവേചന സംവിധാനം നടപ്പിലാക്കുകയാണ് താലിബാന്‍ എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
ബ്യൂട്ടി സലൂണുകൾ, ജിമ്മുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവ അടച്ചിടുന്നതിനൊപ്പം സത്രീകള്‍ക്ക് വിവിധങ്ങളായ വിലക്കുകളും താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകൾ പൊതു പാർക്കുകളിൽ നടക്കുന്നത്, പുരുഷ സഹായിയില്ലാതെ യാത്ര ചെയ്യന്നത് എന്നിവയില്‍ നിന്നും സ്ത്രീകൾക്ക് വിലക്കുണ്ട്.