Source: X
WORLD

17 വർഷത്തിന് ശേഷം ധാക്കയിൽ തിരിച്ചെത്തി താരിഖ് റഹ്മാനും കുടുംബവും

തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിൽ കലാപം കൊടുമ്പിരി കൊണ്ടിരിക്കേ 17 വർഷത്തിന് ശേഷം രാജ്യത്തേക്ക് തിരിച്ചെത്തി മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മൂത്ത മകനും ബിഎൻപി നേതാവുമായ താരിഖ് റഹ്മാൻ. 17 വർഷമായി ലണ്ടനിൽ സ്ഥിരതാമസമായിരുന്ന താരിഖ് കുടുംബത്തോടൊപ്പം മടങ്ങിയെത്തിയത് നടക്കാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരിഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പുർബാച്ചൽ എക്സ്പ്രസ് വേയിലെ സ്വീകരണ സ്ഥലത്തേക്കാണ് പോയത്. ആയിരക്കണക്കിനാളുകളാണ് താരിഖ് റഹ്മാനെ സ്വാഗതം ചെയ്യാനെത്തിയത്. ഭാര്യയ്ക്കും മകൾക്കുമൊപ്പം വളർത്തു പൂച്ച സീബുവിനെയും കൂട്ടിയാണ് താരിഖെത്തിയത്. സ്വീകരണ സ്ഥലത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ 50 ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് വിവരം.

അമ്മ സിയയെ സന്ദർശിച്ച ശേഷം താരിഖ് കുടുംബം ഗുൽഷൻ-2ലെ സിയ കുടുംബത്തിൻ്റെ വസതിയായ ഫിറോസയിലേക്ക് പോകും. അനിഷ്ട സംഭവങ്ങൾ തടയാനായി പൊലീസ് സുരക്ഷാ നടപടികളും കർശനമാക്കിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രമുഖ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് താരിഖിൻ്റെ മടങ്ങി വരവ്.

SCROLL FOR NEXT