മ്യാൻമർ അഭയാർഥികൾക്ക് തായ്‌ലൻഡിൽ ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകി. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് സർക്കാരിൻ്റെ നടപടി. അഭയാർഥികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അവർക്ക് നേരിട്ട് തന്നെ രാജ്യത്തെ തൊഴിൽ ശക്തിയുടെ ഭാഗമാകാൻ കഴിയും.
രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് രാജ്യത്തെ മ്യാൻമർ അഭയാർഥികൾക്ക് തൊഴിലെടുക്കാനുള്ള അവസരം തായ്‌ലൻഡ് സർക്കാർ ഒരുക്കുന്നത്. വർഷങ്ങളായി തായ്‌ലൻ്റിൽ ജീവിക്കുന്ന 8000 ത്തോളം അഭയാർഥികൾക്ക് ഇതോടെ തൊഴിലെടുക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറച്ചതിനാൽ അഭയാർഥി ക്യാമ്പുകളിലെ ജീവിതം ദുസ്സഹമായിരുന്നു.
പുതിയ നിയമം അധ്വാനിച്ച് ജീവിക്കാനുള്ള മൗലിക അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതാണെന്നും സുരക്ഷിതമായ ജീവിതമുറപ്പിക്കാൻ അവസരം നൽകുന്നുവെന്നും അഭയാർഥികൾ പറയുന്നു. തായ്‌ലൻഡിലെ പ്രധാന കൃഷിയിലൊന്നായ ലോങ് കോങ് കൃഷിയിടങ്ങളിലാണ് അഭയാർഥികൾക്ക് ആദ്യഘട്ടം അവസരം നൽകുന്നത്.
തായ്‌ലൻഡിന്റെ പുതിയ തീരുമാനത്തെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR സ്വാഗതം ചെയ്തു.ക്രമേണ മറ്റ് മേഖലകളിലെ തൊഴിലുകളിലേക്കും അഭയാർഥികളെ പരിഗണിക്കുമെന്ന് തായ് സർക്കാർ അറിയിച്ചു.