WORLD

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികൾക്ക് തിരിച്ചടി; വിസാ നിയമങ്ങളിൽ മാറ്റം വരുത്തി തായ്‌ലൻഡ്

പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ബാങ്കോക്ക്: വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി തായ്‌ലൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചതോടെയാണ് നടപടി. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാണ് നിയമത്തിലെ മാറ്റങ്ങൾ.

ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്‌ലൻഡ് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. വിനോദസഞ്ചാരം തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. എന്നാൽ രാജ്യത്ത് വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.

നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. കൊവിഡിന് ശേഷം ടൂറിസം മേഖലയിലെ വളർച്ച് ലക്ഷ്യമിട്ടായിരുന്നു തായ്‌ലൻഡ് സർക്കാർ ഈ സൗകര്യം ഏർപ്പെടുത്തിയത്.

SCROLL FOR NEXT