Source: Social Media
WORLD

'ഇത് ലോകത്തിന് വേണ്ടിയുള്ള യുദ്ധം':ന്യായീകരണവുമായി ട്രംപ്

മയാമിയിലെ ലോക നേതാക്കളുടെ സമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ അവകാശ വാദം

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരെ ആക്രമണം വീണ്ടും കടുപ്പിച്ച് ഇസ്രയേലും യുഎസും. ഇറാൻ നാവികസേനയുടെ 42 യുദ്ധകപ്പലുകള്‍ തകർത്തതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി വന്‍ വിജയമാണെന്നും ഇറാന്‍റെ സൈനിക ശേഷിക്ക് വന്‍ പ്രഹരമേല്‍പ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇത് ലോകത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ഇറാനെ ആക്രമിക്കുന്നതിലൂടെ അമേരിക്ക ലോകത്തെ സഹായിക്കുകയാണ് ചെയ്തത്. ഇറാനെതിരായ നടപടികള്‍ക്ക് പത്തില്‍ പതിനഞ്ച് മാർക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. മയാമിയിലെ ലോക നേതാക്കളുടെ സമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ അവകാശ വാദം.

അതേസമയം, യുഎസിന് എതിരെയുള്ള മുന്നറിയിപ്പ് ഇറാൻ വീണ്ടും ആവർത്തിച്ചു. ഗള്‍ഫില്‍ പ്രവേശിക്കുന്ന യുഎസ് കപ്പലുകള്‍ ആഴക്കടലില്‍ മുക്കുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹോർമൂസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ യുഎസ് നാവികസേന സുരക്ഷ ഒരുക്കുമെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.

ഗള്‍ഫ് -അറബ് മേഖലയിലെ ആക്രമണം അവസാനിപ്പിച്ചെന്ന മുന്‍ പ്രസ്താവനയില്‍ വിശദീകരണവുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും രംഗത്തെത്തി. ഇറാന്‍റെ ലക്ഷ്യം അയല്‍ക്കാരല്ല, അമേരിക്കയും, ഇസ്രയേലും മാത്രമാണ്. ഇറാന്‍ ഇതുവരെ ആക്രമിച്ചത് ഇസ്രയേല്‍- അമേരിക്കന്‍ കേന്ദ്രങ്ങളാണ്. പ്രതിരോധിക്കാനുള്ള ഇറാന്‍റെ അവകാശത്തില്‍ ഉറച്ചുനില്‍ക്കും എന്നും പെസെഷ്കിയാന്‍ വ്യക്തമാക്കി.

SCROLL FOR NEXT