ജമ്മു കശ്മീര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ പാക് അധീന കശ്മീരില്‍ ( പിഒകെ) പ്രതിഷേധം ശക്തമാകുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ് പാക് അധീന കശ്മീരില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലാണ് പ്രക്ഷോഭം.
അവാമി ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല 'ഷട്ടര്‍-ഡൗണ്‍ ആന്‍ഡ് വീല്‍-ജാം' ആഹ്വാനം ചെയ്തതിനു പിന്നാലെ പാക് സര്‍ക്കാര്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിക്കുകയും ഇന്നലെ രാത്രി മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്.
പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ വേര്‍തിരിവിനും സാമ്പത്തിക അവഗണനയ്ക്കുമെതിരെയാണ് പാക് സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനങ്ങള്‍ ഒന്നിച്ച് പ്രതിഷേധം ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ അണിനിരത്തിയാണ് എഎസിയുടെ പ്രതിഷേധം.
പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ നീക്കി വെച്ച പന്ത്രണ്ട് നിയമസഭാ സീറ്റുകള്‍ റദ്ദാക്കുക, സബ്സിഡിയുള്ള മാവ്, മംഗ്ല ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ന്യായമായ വൈദ്യുതി താരിഫുകള്‍, തുടങ്ങി 38 ആവശ്യങ്ങളാണ് എഎസി മുന്നോട്ട് വെക്കുന്നത്. കൂടാതെ പാക് സര്‍ക്കാര്‍ പാലിക്കാത്ത പരിഷ്‌കാര വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
എഴുപത് വര്‍ഷത്തോളമായി പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടിയാണ് പ്രക്ഷോഭമമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. ഇനി കാത്തിരിക്കില്ലെന്നും ഒന്നുകില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടുക എന്നാണ് എഎസി നേതാവിന്റെ മുന്നറിയിപ്പ്.
അതേസമയം, പ്രതിഷേധത്തെ സായുധ സൈന്യത്തെ ഉപയോഗിച്ച് നേരിടുകയാണ് പാക് സര്‍ക്കാര്‍. പാക് അധീന കശ്മീരിലെ പ്രധാന പട്ടണങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് പോകുന്നതും തടഞ്ഞു. ഇസ്ലാമാബാദില്‍ നിന്ന് ആയിരത്തിലധികം പൊലീസുകാരേയും പ്രദേശത്തേക്ക് അയച്ചു.