Source: X
WORLD

ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു; ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ

കാണാതായ മൂന്ന് നാവികരെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഒമാൻ തീരത്തെ യുഎസ് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ജൂൺ 8 മുതൽ ഇന്ത്യൻ നാവികരുള്ള മൂന്ന് കപ്പലുകൾ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടതായും ഷിപ്പിങ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ വ്യക്തമാക്കി. വാണിജ്യ കപ്പലായ മാരിവെക്സിൽ ജൂൺ 8ന് ഉണ്ടായ തീപിടിത്തത്തിൽ അതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് ജൂൺ 10 ന് എംടി സെറ്റെബെല്ലോ എന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ മൂന്ന് നാവികരെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ എംടി ജൽവീർ എന്ന വാണിജ്യ കപ്പലാണ് തകർന്നത്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.562 ജീവനക്കാരടങ്ങുന്ന 13 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഹോർമുസിൽ ഉള്ളതായും മംഗൾ അറിയിച്ചു.

SCROLL FOR NEXT