അപൂര്‍വ ധാതുക്കളുടെ (റെയര്‍ എര്‍ത്ത്) വിതരണത്തില്‍ ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഓസ്ട്രേലിയുമായി കൈകോര്‍ത്ത് യുഎസ്. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക ധാതു കരാര്‍ ഒപ്പുവെച്ചു. 75,000 കോടിയുടെ (8.5 ബില്യണ്‍ ഡോളര്‍) കരാറിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഒപ്പുവച്ചത്. അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നയം ചൈന കടുപ്പിച്ച സാഹചര്യത്തിലാണ് യുഎസിന്റെ നീക്കം. യുഎസുമായി വ്യാപാരക്കരാറില്‍ എത്തിയില്ലെങ്കില്‍ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ചൈനയ്ക്ക് മുന്നറിയിപ്പും നല്‍കി.
വൈറ്റ് ഹൗസിലാണ് ട്രംപും ആല്‍ബനീസും നിര്‍ണായക ധാതു കരാറില്‍ ഒപ്പുവച്ചത്. റെയര്‍ എര്‍ത്ത് മേഖലയില്‍ പരസ്പര സഹകരണവും നിക്ഷേപവും ഉറപ്പാക്കുന്നതാണ് കരാര്‍. റെയര്‍ എര്‍ത്ത് വിതരണത്തില്‍ ചൈനയ്ക്കുള്ള ആധിപത്യം അവസാനിപ്പിക്കുക, ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള വിതരണശൃംഖല സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് കരാര്‍ ഒപ്പിടുന്നതെന്ന് ട്രംപ് പറഞ്ഞു. യുഎസ്-ഓസ്ട്രേലിയ ബന്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതാണ് കരാറെന്ന് ആല്‍ബനീസ് പറഞ്ഞു.
പ്രതിരോധം, ഇലക്ട്രിക് വാഹന നിര്‍മാണം, സോളാര്‍ പവര്‍, ഇലക്ട്രോണിക്സ് മേഖലയില്‍ അനിവാര്യമാണ് റെയര്‍ എര്‍ത്ത്. അതിനായി യുഎസും ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ ചൈനയെയാണ് ആശ്രയിക്കുന്നത്. റെയര്‍ എര്‍ത്ത് വിതരണശൃംഖലയുടെ 90 ശതമാനത്തിലധികവും ചൈനയ്ക്ക് സ്വന്തമാണ്. എന്നാല്‍, അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന അടുത്തിടെ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. ചൈനയിൽനിന്ന് എടുക്കുന്നതോ, ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതോ ആയ അപൂര്‍വ ധാതുക്കളുടെ ചെറിയ അളവെങ്കിലും അടങ്ങിയ കാന്തങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണെന്ന് ചൈന കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയയുമായി കരാര്‍ ഒപ്പിട്ടതിനൊപ്പം, ചൈനയ്ക്കെതിരായ തീരുവ ഭീഷണിയും ട്രംപ് ആവര്‍ത്തിച്ചു. "ചൈന ഞങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഞാൻ കരുതുന്നു. താരിഫ് ഇനത്തില്‍ വൻതുകയാണ് അവർ യുഎസിന് നൽകുന്നത്. എല്ലാവർക്കും അറിയുന്നതുപോലെ, 55 ശതമാനം താരിഫാണ് ചൈന നൽകുന്നത്, അത് വലിയൊരു തുകയാണ്. നവംബർ ഒന്നിനകം യുഎസുമായി വ്യാപാര കരാറുണ്ടായില്ലെങ്കിൽ 155 ശതമാനം താരിഫ് നൽകേണ്ടി വരും. യുഎസ് ഇതിനോടകം നിരവധി രാജ്യങ്ങളുമായി വ്യാപാര കരാറുകളുണ്ടാക്കി. ചൈനയുമായും നല്ലൊരു കരാറുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ" - ട്രംപ് പറഞ്ഞു.