WORLD

പറക്കും തളികകളും അന്യഗ്രഹ ജീവികളും ഉണ്ടോ? ലോക യുഎഫ്ഒ ദിനത്തില്‍ ചിലത് അറിയാം...

ലോക യുഎഫ്ഒ ദിനം രണ്ട് സുപ്രധാന ദിനങ്ങളെ അനുസ്മരിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

അന്യഗ്രഹ ജീവികള്‍ ഉണ്ടോ? വളരെക്കാലമായി മനുഷ്യരാശിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമാണിത്. പല പല സിദ്ധാന്തങ്ങളിലേക്കും ഊഹാപോഹങ്ങളിലേക്കും ഈ ചോദ്യം നമ്മളെ കൊണ്ട് എത്തിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ ഇവയെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള ഒരുദിനമാണ് ഇന്ന്. ഇത്തരത്തിൽ അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ജാഗ്രതയുള്ളവരാക്കാനും വേണ്ടിയാണ് ജൂലൈ രണ്ടിന് ലോക യുഎഫ്ഒ ദിനമായി (World UFO Day ) ആചരിക്കുന്നത്.

അന്യ​ഗ്രഹ ജീവികളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിനും അവയെക്കുറിച്ച് കൂടുതലറിയാൻ താത്പര്യം ഉള്ളവർക്കുമെല്ലാം വേണ്ടിയാണ് ജൂലൈ 2 ലോക യുഎഫ്ഒ ദിനമായി ആചരിക്കുന്നത്. ലോക യുഎഫ്ഒ ദിനം രണ്ട് സുപ്രധാന ദിനങ്ങളെ അനുസ്മരിക്കുന്നുണ്ട്. 1947 ജൂണ്‍ 24ന് കെന്നത്ത് അര്‍നോള്‍ഡ് എന്ന ഒരു വൈമാനികന്‍ പറക്കുംതളിക പോലെ തോന്നിക്കുന്ന ഒന്ന് കണ്ടതായി അവകാശപ്പെട്ടിരുന്നു. ഇത് യുഎഫ്ഒയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പുതിയ രൂപം നല്‍കി. ഇതോടെ, ഒരു ചക്രം പോലുളളതാണ് യുഎഫ്ഒ എന്ന് പരക്കെ പ്രചരിക്കാൻ തുടങ്ങി.

രണ്ടാമത്തെ പ്രധാന സംഭവം നടന്നത് ജൂലൈ 2ന് ന്യൂ മെക്‌സിക്കോയിലെ റോസ്‌വെല്ലിലായിരുന്നു. വില്യം ബ്രേസല്‍ എന്ന് പേരുള്ള ഒരു ഫാം ഉടമസ്ഥന്‍ തന്റെ പുല്‍ത്തകിടികള്‍ക്ക് ചുറ്റും ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടതാണ് അത്. യുഎഫ്ഒ തകര്‍ന്ന് അതില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ വീണതെന്നും വാർത്തകൾ വന്നു. ഈ സംഭവം റോസ്വെല്‍ ഡെയ്ലി റെക്കോര്‍ഡിന്റെ ഒന്നാം പേജിൽ വലിയ വാര്‍ത്തയായി വന്നിരുന്നു. അന്യഗ്രഹ ജീവികളെ കുറിച്ച് ആകാംക്ഷ ജനിപ്പിച്ച ഈ സംഭവങ്ങളും ലോക യുഎഫ്ഒ ദിനം ഓർമപ്പെടുത്തുന്നു. 2001ൽ യുഎഫ്‌ഒ ഗവേഷകനായ ഹക്തൻ അക്ഡോഗനാണ് ആദ്യത്തെ ലോക യുഎഫ്‌ഒ ദിനം ആഘോഷിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

യുഎഫ്ഒകളുമായി ബന്ധപ്പെട്ട എല്ലാ സിദ്ധാന്തങ്ങളെയും അംഗീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. എന്നാൽ, ഇത്തരം യുഎഫ്ഒ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടുമില്ല. ബഹിരാകാശ പ്രേമികള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ദിവസം കൂടിയാണ് ഇന്ന്. ഇതിനെല്ലാം പുറമെ, യുഎഫ്ഒകളുടെ തെളിവുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ പലരും അന്വേഷണത്തിലും ഗവേഷണത്തിലും ഏര്‍പ്പെടുന്നുമുണ്ട്.

SCROLL FOR NEXT