വിനോദ കേന്ദ്രമായ ഹാ ലോങ് ബേയിലേക്കുള്ള പര്യടനത്തിനെത്തിയ 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വണ്ടർ സീ ബോട്ടിൽ ഉണ്ടായിരുന്നത് Source: X/ Vietnam News Agency
WORLD

വിയറ്റ്നാമിൽ ഇടിമിന്നലിൽ ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു; ഏഴ് പേരെ കാണാതായി

34 മൃതദേഹങ്ങൾ സംഭവസ്ഥലത്തിന് സമീപം നിന്ന് കണ്ടെടുത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

Author : ന്യൂസ് ഡെസ്ക്

ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിയറ്റ്നാമിൽ ഉണ്ടായ ഇടിമിന്നലിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. വിനോദ കേന്ദ്രമായ ഹാ ലോങ് ബേയിലേക്കുള്ള പര്യടനത്തിനെത്തിയ 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വണ്ടർ സീ ബോട്ടിൽ ഉണ്ടായിരുന്നതെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തകർ 12 പേരെ രക്ഷപ്പെടുത്തി. 34 മൃതദേഹങ്ങൾ സംഭവസ്ഥലത്തിന് സമീപം നിന്ന് കണ്ടെടുത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് മറിഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ടവരിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. മറിഞ്ഞ ബോട്ടിനുള്ളിൽ കുടുങ്ങിയ കുട്ടിയെ നാല് മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്.

യാത്രക്കാരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. ഇതിൽ രാജ്യതലസ്ഥാനമായ ഹനോയിയിൽ നിന്നുള്ള 20 ഓളം കുട്ടികളും ഉൾപ്പെടുന്നു.

അതേസമയം, വരും ദിവസങ്ങളിൽ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റും ഈ പ്രദേശത്തേക്ക് നീങ്ങുന്നുണ്ട്. അടുത്തയാഴ്ച ഹാ ലോങ് ബേയുടെ തീരം ഉൾപ്പെടെ വടക്കൻ വിയറ്റ്നാമിൽ 'വിഫ കൊടുങ്കാറ്റ്' ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

SCROLL FOR NEXT