
ശനിയാഴ്ച രാവിലെ തെക്കൻ ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ പലസ്തീൻ അഭയാർഥികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ന് 32 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ കൂടുതലും യുവാക്കളാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, മരിച്ചവരിലും പരിക്കേറ്റവരിലും പലരും കുട്ടികളും കൗമാരക്കാരുമാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ ഇസ്രയേലി പത്രമായ ഹാരെറ്റ്‌സിനോട് പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ ഇതിനെ ഇസ്രയേൽ സൈന്യം നടത്തിയ കൂട്ടക്കൊല എന്നാണ് വിശേഷിപ്പിച്ചത്.
യുഎസിൻ്റേയും ഇസ്രയേലിൻ്റേയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന കേന്ദ്രങ്ങളിലേക്ക് നീങ്ങുകയായിരുന്ന പലസ്തീനികൾക്ക് നേരെ ആക്രമണം ഉണ്ടായത്. കൂട്ടം കൂട്ടമായി സഞ്ചരിക്കുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം മുന്നറിയിപ്പില്ലാതെ വെടിയുതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.