ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . ഉടനടി നടപടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു . ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.
ചൈന,തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനുമായി അടുത്ത വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾ. ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി ട്രംപ് വിശദമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. പ്രക്ഷോഭങ്ങൾക്കിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുന്നതായി അവകാശ സംഘടനകളും വ്യക്തമാക്കിയിരുന്നു.
ഇറാനെതിരെ പദ്ധതിയിടുന്നതിൽ ഒന്ന് വ്യോമാക്രമണമായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇറാൻ അവരുടെ പരസ്യ പ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വകാര്യമായി സ്വീകരിക്കുന്നതെന്നും ലീവിറ്റ് വ്യക്തമാക്കി. ട്രംപിൻ്റെ പുതിയ പ്രഖ്യാപനം നിലവിൽ ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാണ് .