വാഷിംഗ്ടൺ: എൻവിഡിയ സിഇഒ സ്ഥാനത്തേക്കുള്ള ജൻസൺ ഹുവാങ്ങിൻ്റെ നാടകീയ തിരിച്ചുവരവ് തികച്ചും വിചിത്രമായ ഒരു എ.ഐ ത്രം പങ്കുവെച്ച് ആഘോഷിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിൽ, മുഖത്ത് രക്തക്കറയുമായി കയ്യിൽ ഒരു ചുവന്ന ബ്രാ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ജൻസൺ ഹുവാങ്ങിനെയും ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാം.
2024 ജൂലൈയിൽ പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ വെടിയേറ്റതിന് പിന്നാലെ ട്രംപ് മുഷ്ടി ചുരുട്ടി ഉയർത്തിയ പ്രശസ്തമായ ചിത്രത്തെ അനുകരിച്ചാണ് എൻവിഡിയ പതാകയ്ക്ക് മുന്നിലുള്ള ഈ മീം നിർമ്മിച്ചിരിക്കുന്നത്.
ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായുള്ള ബന്ധമടക്കം നിരവധി വിവാഹേതര ബന്ധങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പുറത്തുപോയ ഹുവാങ്ങിനെ എൻവിഡിയ ബോർഡ് ഏകകണ്ഠമായി സി.ഇ.ഒ സ്ഥാനത്ത് തിരിച്ചെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിൻ്റെ ഈ പോസ്റ്റ് എത്തിയത്. മികച്ച രാജ്യസ്നേഹിയും ദേശീയ നിധിയും എന്ന് ഹുവാങ്ങിനെ വിശേഷിപ്പിച്ച ട്രംപ്, എൻവിഡിയ ബോർഡിൻ്റേത് അതിഗംഭീരമായ തീരുമാനമാണെന്നും അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും വ്യക്തമാക്കി.
ഹുവാങ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യു.എസ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, എങ്കിലും യു.എസ് കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനി ആഭ്യന്തര അന്വേഷണം തുടരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ ഹുവാങ്ങിൻ്റെ പ്രതിച്ഛായയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. സെക്സ് സെൽസ്, ഫെല്ലാസ് എന്ന് പ്രതികരിച്ച ട്രംപ്, ഈ വിവാദങ്ങൾ ഹുവാങ്ങിനെ ഒട്ടും തളർത്തില്ലെന്നും അദ്ദേഹം കടന്നുപോയ പ്രതിസന്ധികളെ ആളുകൾ ബഹുമാനിക്കുമെന്നും അവകാശപ്പെട്ടു.
അതേസമയം ട്രംപിൻ്റെ ഇടപെടലിനെയും എൻവിഡിയ ബോർഡിൻ്റെ തീരുമാനത്തെയും രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തി. ദേശീയ സുരക്ഷയേക്കാൾ വലുതായി ട്രംപ് തൻ്റെയും സമ്പന്നരായ സുഹൃത്തുക്കളുടെയും സാമ്പത്തിക താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ആരോപിച്ച ഡമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷൂമർ, ഹുവാങ്ങിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഡെമോക്രാറ്റുകൾ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ചില റിപ്പോർട്ടുകള്‍ പ്രകാരം ചൈനീസ് ചാരവൃത്തി ആരോപണം നേരിടുന്ന ഒരു വ്യക്തിയുമായി ബന്ധം പുലർത്തിയ സി.ഇ.ഒയെ തിരിച്ചെടുത്തതിൽ ദേശീയ സുരക്ഷാ ആശങ്കകളില്ലെന്ന ട്രംപിന്റെ വാദത്തെ ചില റിപ്പബ്ലിക്കൻ സെനറ്റർമാരും ചോദ്യം ചെയ്തിട്ടുണ്ട്.