ഡൊണാൾഡ് ട്രംപ് 
WORLD

'സമാധാന നൊബേലിന് പൂർണ്ണ അർഹന്‍ ഞാന്‍, ഇത് സ്വയം പുകഴ്ത്തലല്ല, വസ്തുത': ഇത്തവണയും അവകാശവാദവുമായി ട്രംപ്

തനിക്ക് പുരസ്കാരം നൽകാതിരിക്കുന്നത് നൊബേൽ കമ്മിറ്റിയുടെ വിശ്വാസ്യതയ്ക്ക് തന്നെ വലിയ കളങ്കമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ലോകത്തെ എട്ട് വലിയ യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും അതിനാൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ പൂർണ്ണ അർഹനാണെന്നും വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെയാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷവും നൊബേൽ സമ്മാനത്തിന് അവകാശവാദവുമായി ട്രംപ് സജീവമായിരുന്നു.

"മറ്റാർക്കും ചെയ്യാനാവാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഇത് വെറും സ്വയം പുകഴ്ത്തലല്ല, വസ്തുതകൾ മാത്രമാണ് പറയുന്നത്. ഒരു യുഎസ് പ്രസിഡന്റും ഒരുപക്ഷേ ഇന്നുവരെ യുദ്ധങ്ങൾ ഒത്തുതീർപ്പാക്കിയിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു" ട്രംപ് വൈറ്റ്ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പുരസ്കാരം നൽകാതിരിക്കുന്നത് നൊബേൽ കമ്മിറ്റിയുടെ വിശ്വാസ്യതയ്ക്ക് തന്നെ വലിയ കളങ്കമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2009-ൽ പുരസ്കാരം ലഭിച്ചത് എന്തിനാണെന്ന് ഒബാമയ്ക്ക് പോലും അറിയില്ലെന്നും, അദ്ദേഹത്തേക്കാൾ എത്രയോ മടങ്ങ് അർഹത തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം സമാധാന നൊബേൽ നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ വൈറ്റ് ഹൗസിൽ വെച്ച് തന്റെ നൊബേൽ സമാധാന മെഡൽ ട്രംപിന് സമ്മാനിച്ചിരുന്നു. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായുള്ള ട്രംപിന്റെ ഉറച്ച നിലപാടുകൾക്കുള്ള ആദരമായാണ് താൻ മെഡൽ സമർപ്പിച്ചതെന്നായിരുന്നു മച്ചാഡോയുടെ വിശദീകരണം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കരാക്കസിൽ നിന്ന് യുഎസ് സൈന്യം പിടികൂടി മയക്കുമരുന്ന് കടത്ത് കേസ് ചുമത്തിയതിന് പിന്നാലെയായിരുന്നു ട്രംപും മച്ചാഡോയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്.

അതേ സമയം ആഗോളതലത്തിൽ സമാധാനം സ്ഥാപിക്കാനുള്ള തന്റെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും എട്ടാം മാസത്തിലേക്ക് കടന്ന ഇറാൻ-യുഎസ് യുദ്ധം ഉൾപ്പെടെയുള്ള മറ്റൊരു വലിയ സംഘർഷം കൂടി ഉടൻ അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളിയ ട്രംപ് ഭരണകൂടം, യുദ്ധം അവസാനിപ്പിക്കാൻ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. മറ്റ് രാജ്യങ്ങൾക്കെതിരെ താരിഫുകൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പല സംഘർഷങ്ങളും മുൻപ് ഒഴിവാക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT