

വാഷിംങ്ടൺ: ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് തെളിഞ്ഞാൽ രാജ്യം കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹ പൈലറ്റിന് ഇറാൻ്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതിന് പിന്നിൽ ടെഹ്‌റാൻ ആണെന്ന് തെളിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. അക്രമിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നറിയാൻ യുഎഇ, ഇസ്രയേൽ, സൗദി അറേബ്യ എന്നി രാജ്യങ്ങൾ സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.
സഹ പൈലറ്റിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉൾപ്പെടെയുള്ള ലോകനേതാക്കൾ അഭിനന്ദിച്ചിരുന്നു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ അക്രമത്തെ ധീരമായി നേരിട്ട് 174 ജീവനുകളാണ് ഇന്ത്യൻ പൈലറ്റ് രക്ഷിച്ചത്. പറന്നുയർന്ന വിമാനത്തിൻ്റെ കോക്പിറ്റിൽ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റിൽ നിന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാരകമായ രീതിയിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം അക്രമിയെ ശക്തമായി ചെറുക്കുകയും, കോക്പിറ്റിൻ്റെ വാതിൽ തുറന്ന് നൽകി വിമാന ജീവനക്കാർക്കും യാത്രക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു.
പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ കാരണം ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടത്. വലിയൊരു ആകാശ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.