WORLD

അമേരിക്കൻ സൈബർ കോട്ടയിൽ വിള്ളൽ? വൈറ്റ് ഹൗസ് സൈബർ സുരക്ഷാ മേധാവിയെ ട്രംപ് പുറത്താക്കി!

കെയർൻക്രോസിന് പകരമായി പ്രതിരോധ വകുപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ കിർസ്റ്റൺ ഡേവീസിന് ആക്ടിംഗ് സൈബർ സുരക്ഷാ മേധാവിയായി ചുമതല നൽകിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം അടുത്തിടെയുണ്ടായ വൻ സാങ്കേതിക തടസ്സങ്ങൾക്കും വർദ്ധിച്ചുവരുന്ന എ.ഐ സുരക്ഷാ ഭീഷണികൾക്കും പിന്നാലെ, വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടർ ഷോൺ കെയർൻക്രോസിനെ പുറത്താക്കി. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കിയതെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. പദവിക്ക് അനുയോജ്യമായ സാങ്കേതിക യോഗ്യതകൾ കെയർൻക്രോസിന് ഇല്ലെന്ന് വിലയിരുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനത്തെ പൂർണ്ണമായും പിന്തുണച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

കെയർൻക്രോസിന് പകരമായി പ്രതിരോധ വകുപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ കിർസ്റ്റൺ ഡേവീസിന് ആക്ടിംഗ് സൈബർ സുരക്ഷാ മേധാവിയായി ചുമതല നൽകിയിട്ടുണ്ട്. സെനറ്റിന്റെ അംഗീകാരമുള്ളതും സൈബർ മേഖലയിൽ കൂടുതൽ അനുയോജ്യമായ യോഗ്യതകളുള്ളതുമായ വ്യക്തിയാണ് കിർസ്റ്റൺ ഡേവീസ് എന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിൽ വ്യോമയാന ഗതാഗതം, വാർത്താവിനിമയം, ഇ കൊമേഴ്സ് മേഖലകൾ എന്നിവയെല്ലാം വലിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിന് പുറമെ, അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയുടെ അതീവരഹസ്യമായ ആഭ്യന്തര വാർത്താവിനിമയ ശൃംഖലയെയും സാങ്കേതിക തകരാർ ബാധിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇത്തരം നിർണ്ണായകമായ വീഴ്ചകൾക്കിടെയാണ് സൈബർ സുരക്ഷാ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുന്നത്.

നാഷണൽ സൈബർ ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുൻപ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിൽ വിവിധ പദവികൾ ഷോൺ കെയർൻക്രോസ് വഹിച്ചിരുന്നു. അതിനുമുൻപ് 2016-ലെ തിരഞ്ഞെടുപ്പ് കാലയളവിൽ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.തുടർച്ചയായ സൈബർ സുരക്ഷാ ആശങ്കകൾക്കിടെ ഉണ്ടായ ഈ പുറത്താക്കൽ അമേരിക്കയുടെ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറക്കുകയാണ്.

SCROLL FOR NEXT