ന്യൂയോര്‍ക്ക്: പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ 1890-ൽ വരച്ച ചാറ്റൈഗ്നിയേഴ്സ് എൻ ഫ്ലൂർസ് (പൂത്തുനിൽക്കുന്ന ചെസ്റ്റ്നട്ട് മരങ്ങൾ) എന്ന എണ്ണച്ചായാചിത്രം ന്യൂയോർക്കിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയായ 190.4 മില്യൺ ഡോളറിന് വിറ്റുപോയി. ബുധനാഴ്ച സോത്ത്ബീസ് ലേലക്കമ്പനി നടത്തിയ ലേലത്തിൽ ഫീസ് ഉൾപ്പെടെയാണ് ഈ തുക ലഭിച്ചത്. 2022-ൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലന്റെ ശേഖരത്തിലുണ്ടായിരുന്ന വാൻഗോഗിന്റെ 'ഓർച്ചാർഡ് വിത്ത് സൈപ്രസസ്' എന്ന ചിത്രം ക്രിസ്റ്റീസിൽ 117.2 മില്യൺ ഡോളറിന് വിറ്റ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. സോത്ത്ബീസിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റ രണ്ടാമത്തെ കലാസൃഷ്ടിയും, ലേലത്തിൽ വിറ്റ ലോകത്തെ ഏറ്റവും വിലയേറിയ നാലാമത്തെ ചിത്രവുമാണിതെന്ന് ബിബിസിയും ദ ആർട്ട് ന്യൂസ്‌പേപ്പറും റിപ്പോർട്ട് ചെയ്യുന്നു.
അക്വാവെല്ല ഗാലറീസ് മേധാവിയായ ആർട്ട് ഡീലർ വില്യമാണ് ചിത്രം സ്വന്തമാക്കിയത്. വാൻഗോഗിന്റെ ജീവിതത്തിലെ അവസാന രണ്ട് മാസങ്ങൾക്കിടയിൽ 1890 മെയ് മാസത്തിൽ പാരീസിന് പുറത്തുള്ള ഓവേഴ്സ്-സർ-ഒയ്സിൽ വെച്ചാണ് ഈ ചിത്രം വരച്ചത്. അരനൂറ്റാണ്ടിലേറെയായി പൊതുജനങ്ങൾ കണ്ടിട്ടില്ലാത്ത ഈ ചിത്രം അവസാനമായി പൊതുപ്രദർശനത്തിന് വെച്ചത് 1964 ൽ ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലായിരുന്നു. സ്വകാര്യ ശേഖരത്തിലുള്ള വാൻഗോഗിന്റെ അവസാനകാല സൃഷ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
നാസി ഭരണകാലത്തെ ചിത്രത്തിന്മേലുണ്ടായിരുന്ന നിയമത്തർക്കം ലേലത്തിന് തൊട്ടുമുമ്പ് പരിഹരിച്ചതോടെയാണ് ചരിത്രവില്പനയ്ക്ക് വഴിയൊരുങ്ങിയത്. ജർമ്മൻ പ്രസാധകനായ സാമുവൽ ഫിഷർ 1909 ലാണ് ഈ ചിത്രം വാങ്ങിയത്. 1934 ൽ അദ്ദേഹത്തിന്റെ മരണശേഷം, നാസി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ തുടർന്ന് കുടുംബത്തിന്റെ പ്രസാധന കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ 1936 ൽ പാരീസിൽ വെച്ച് ചിത്രം വിൽക്കുകയായിരുന്നു. 1975 ൽ അർജന്റീനിയൻ ദമ്പതികളായ നെല്ലി അരിയേറ്റ ഡി ബ്ലാക്വിയറും കാർലോസ് പെഡ്രോ ബ്ലാക്വിയറും ചിത്രം സ്വന്തമാക്കി അമ്പത് വർഷത്തിലേറെയായി സൂക്ഷിച്ചുവരികയായിരുന്നു.
ചിത്രം ലേലത്തിന് വെക്കുന്നതിന് ഒരാഴ്ച മുമ്പ് തങ്ങളുടെ കുടുംബം നാസി പീഡനകാലത്ത് സമ്മർദ്ദത്തിന് വഴങ്ങി വിറ്റ ചിത്രമാണിതെന്ന് ചൂണ്ടിക്കാട്ടി സാമുവൽ ഫിഷറുടെ പിന്മുറക്കാർ ലേലം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലേലത്തിന് തൊട്ടുമുമ്പുള്ള ദിവസം നിലവിലെ ഉടമകളായ ബ്ലാക്വിയർ-അരിയേറ്റ കുടുംബവും ഫിഷറുടെ അനന്തരാവകാശികളും തമ്മിൽ ഒത്തുതീർപ്പിലെത്തിയതായി സോത്ത്ബീസ് പ്രഖ്യാപിച്ചു. കരാറിലെ വ്യവസ്ഥകൾ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും, ഹോളോകോസ്റ്റ് കാലത്ത് ഫിഷർ കുടുംബം അനുഭവിച്ച ദുരിതങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള മാന്യമായ പരിഹാരമാണിതെന്ന് ഇരു കുടുംബങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കി.