യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: Screen Grab X/ The White House
WORLD

"ഇറാൻ ഭീകരതയുടെ നമ്പർ വൺ സ്പോൺസർ, യുഎസിൻ്റേത് മികവുറ്റ സൈനിക വിജയം"; കൂടുതല്‍ ഭീഷണികളുമായി ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി പറയാനും ട്രംപ് മറന്നില്ല

Author : ന്യൂസ് ഡെസ്ക്

ഇറാനിലെ ആക്രമണങ്ങൾ 'അതിശയകരമായ സൈനിക വിജയമായിരുന്നു' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി തടയുകയും, ഭീകരതയെ സ്പോൺസർ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പർ രാജ്യം ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇന്നലെ രാത്രിയിലെ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി പറയാനും ട്രംപ് മറന്നില്ല. താനും ഇസ്രയേൽ പ്രധാനമന്ത്രിയും ഒരു ടീമായാണ് പ്രവർത്തിച്ചതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. "ഒരു ടീമും മുമ്പ് പ്രവർത്തിച്ചിട്ടില്ലാത്തതുപോലെ, ഞങ്ങൾ ഒരു ടീമായി പ്രവർത്തിച്ചു, ഇസ്രയേലിനുള്ള ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതിൽ ഞങ്ങൾ വളരെ ദൂരം സഞ്ചരിച്ചു. ഇസ്രയേൽ സൈന്യം ചെയ്ത അത്ഭുതകരമായ പ്രവർത്തനത്തിന് ഞാൻ നന്ദി പറയുന്നു,” ട്രംപ് പറഞ്ഞു

ഇറാനെതിരെ ട്രംപ് കൂടുതൽ ഭീഷണികളും ഉയർത്തി. ഒന്നുകിൽ സമാധാനം ഉണ്ടാകും, അല്ലെങ്കിൽ കഴിഞ്ഞ എട്ട് ദിവസമായി നമ്മൾ കണ്ടതിനേക്കാൾ വളരെ വലിയ ദുരന്തം ഇറാന് ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. "ഓർക്കുക, നിരവധി ലക്ഷ്യങ്ങൾ അവശേഷിക്കുന്നു. ഇന്ന് രാത്രിയിലേത് അവയിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മാരകവുമായിരുന്നു.... സമാധാനം വേഗത്തിൽ വന്നില്ലെങ്കിൽ, കൃത്യതയോടെയും വേഗതയോടെയും വൈദഗ്ധ്യത്തോടെയും ഞങ്ങൾ മറ്റ് ലക്ഷ്യങ്ങളേയും പിന്തുടരും,” ട്രംപ് ഭീഷണി മുഴക്കി.

ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ട്രംപ് തന്നെയാണ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ ആക്രമണവിവരം പുറത്തുവിട്ടത്. ആക്രമണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഇറാന്‍ വ്യോമാതിർത്തിവിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നുമാണ് യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ആക്രമണങ്ങള്‍ സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോർദോ ഒഴിപ്പിച്ചെന്നും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മാത്രമാണ് ഇറാന്‍ പുറത്തുവിടുന്ന വിവരം. ഫോർദോ‌യ്‌ക്കെതിരായ യുഎസ് ആക്രമണം ഇറാൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറയുന്നത്.

SCROLL FOR NEXT