വാഷിങ്ടൺ: യുഎസ് വ്യോമഗതാഗത മേഖലയിൽ ഉണ്ടായ വൻ തടസങ്ങൾക്ക് പിന്നിൽ പഴകിയ എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി അടിയന്തരമായി 50 ബില്യൺ ഡോളർ അനുവദിക്കണമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഇന്നലെ ആശയവിനിമയ തകരാറിനെ തുടർന്ന് യുഎസിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു.
എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലെ 1980-കളിലെയും 90-കളിലെയും പഴയ റൂട്ടറുകളും സ്വിച്ചുകളും അമിതമായ ഡാറ്റ കൈകാര്യം ചെയ്യാനാകാതെ തകരാറിലായതാണ് സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായത്. പഴയ സംവിധാനങ്ങളിലേക്ക് പുതിയ സോഫ്റ്റ്‌വെയർ പാച്ചുകൾ കൂട്ടിച്ചേർത്തപ്പോൾ സിസ്റ്റം ഓവർലോഡ് ആവുകയും ഡാറ്റയിൽ പൊരുത്തക്കേടുകൾ ഉണ്ടാവുകയും ചെയ്തു. ഈ സാങ്കേതിക തകരാറിന് പിന്നിൽ സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംബന്ധമായ പിഴവുകളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം യുഎസ് വ്യോമഗതാഗത മേഖല നേരിടുന്ന ഏറ്റവും ദൈർഘ്യമേറിയ രാജ്യവ്യാപക സ്തംഭനമായിരുന്നു ഇത്. വെള്ളിയാഴ്ച രാത്രിയോടെ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും വിമാനങ്ങളും ജീവനക്കാരും വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ സർവീസുകൾ പൂർവ്വസ്ഥിതിയിലാകാൻ ദിവസങ്ങളെടുക്കും. നിലവിൽ യുഎസിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരും വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിമാനങ്ങളുടെ നിലവിലെ സമയം പരിശോധിക്കേണ്ടതാണെന്നും അധികൃതർ നിർദേശം നൽകി.