ഡൊണാൾഡ് ട്രംപ്, വൊളോഡിമിർ സെലൻസ്കി, വ്ലോഡിമർ പുടിൻ Source: Wikkimedia
WORLD

പുടിനുമായുള്ള ചർച്ച 'വളരെ ഫലപ്രദം', ഇനി എല്ലാം സെലൻസ്കിയുടെ കയ്യിൽ: ഡൊണാൾഡ് ട്രംപ്

അലാസ്ക ചർച്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിൻ്റെ പ്രസ്താവന. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പാക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തം ഇപ്പോൾ സെലെൻസ്‌കിയുടേതാണെന്നാണ് ട്രംപിൻ്റെ പക്ഷം.

അലാസ്ക ചർച്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. "ഇനി ഒരു കരാറിലെത്തിചേരുക എന്നത് പ്രസിഡന്റ് സെലന്‍സ്കിയുടെ ഉത്തരവാദിത്തമാണ്. യൂറോപ്യൻ രാജ്യങ്ങൾ ചെറിയ രീതിയിൽ ഇടപെടണമെങ്കിലും, യുദ്ധം അവസാനിപ്പിക്കുക എന്നത് പ്രസിഡന്റ് സെലന്‍സ്കിയുടെ ഉത്തരവാദിത്തമാണ്," ഉച്ചകോടിക്ക് ശേഷം ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അടുത്ത ചർച്ചയിൽ പുട്ടിനും സെലെൻസ്കിയും താനുമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ ഒരു കരാറിലും എത്തിയില്ല. എന്നാൽ കൂടിക്കാഴ്ച "വളരെ ഫലപ്രദമായിരുന്നു" എന്നാണ് ഇരു നേതാക്കളും പ്രതികരിച്ചത്. ചർച്ചയിൽ ഒരുപാട് കാര്യങ്ങളിൽ പുടിനുമായി യോജിപ്പിലെത്തിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അതേസമയം യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് ആത്മാർഥമായ താൽപ്പര്യമുണ്ടെന്നാണ് പുടിൻ്റെ പ്രസ്താവന. എന്നാൽ "നിയമാനുസൃതമായ ആശങ്കകൾ" കണക്കിലെടുക്കുമെന്നും പുടിൻ പറയുന്നു. നല്ല രീതിയിലാണ് ചർച്ചകൾ നടന്നത്. സമഗ്രവും ഉപയോഗപ്രദവുമായിരുന്നു. ചർച്ച യുക്രെയ്നിൽ സമാധാനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കീവും യൂറോപ്യൻ തലസ്ഥാനങ്ങളും ഇതെല്ലാം ക്രിയാത്മകമായ രീതിയിൽ മനസിലാക്കുമെന്നും ഒരു തടസവും സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.

SCROLL FOR NEXT