അലാസ്കയിലെ നിർണായക ട്രംപ്-പുടിൻ ചർച്ചയിൽ യുക്രെയ്ൻ വെടിനിർത്തൽ കരാർ ഇല്ല. മണിക്കൂറുകളോളം നീണ്ട ചർച്ചയിൽ നോ ഡീൽ എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലന്‍സ്കിയുമായും നാറ്റോയുമായും ഉടന്‍ ബന്ധപ്പെടുമെന്നും ചർച്ചയ്ക്ക് ശേഷം ട്രംപ് അറിയിച്ചു.
യുക്രെയ്ൻ സഹോദര രാജ്യമെന്നും സമാധാന പാതയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിതെന്നുമായിരുന്നു പ്രസിഡന്റ് വ്ളാഡിമർ പുടിൻ്റെ പ്രതികരണം. തുടർ ചർച്ചകൾക്കായി മോസ്കോയിലേക്ക് ട്രംപിനെ പുടിൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് അലാസ്കയിൽ മൂന്ന് മണിക്കൂർ നീണ്ട ഉച്ചകോടിയാണ് പ്രസിഡൻ്റ് ട്രംപും പ്രസിഡൻ്റ് പുടിനും നടത്തിയത്. ചർച്ചകളിൽ ഒരു കരാറിലും എത്തിയില്ല. എന്നാൽ കൂടിക്കാഴ്ചയെ "വളരെ ഫലപ്രദമായിരുന്നു" എന്നായിരുന്നു ഇരു നേതാക്കളും നേതാക്കളും പ്രതികരിച്ചത്. "ഒരു കരാർ ഉണ്ടാകുന്നതുവരെ ഒരു കരാറുമില്ല" എന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് ആത്മാർഥമായ താൽപ്പര്യമുണ്ടെന്ന് പുടിൻ പറഞ്ഞു. എന്നാൽ "നിയമാനുസൃതമായ ആശങ്കകൾ" കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിലാണ് ചർച്ചകൾ നടന്നത്. സമഗ്രവും ഉപയോഗപ്രദവുമായിരുന്നു. ചർച്ച യുക്രെയ്നിൽ സമാധാനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കീവും യൂറോപ്യൻ തലസ്ഥാനങ്ങളും ഇതെല്ലാം ക്രിയാത്മകമായ രീതിയിൽ മനസിലാക്കുമെന്നും ഒരു തടസവും സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു. അമേരിക്കയും റഷ്യയും സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പുടിൻ സംസാരിച്ചു.