റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവച്ച് ട്രംപ് Image: ANI
WORLD

റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവച്ച് ട്രംപ്; ഇന്ത്യക്ക് തിരിച്ചടി, 100 ശതമാനം തീരുവ ചുമത്താൻ സാധ്യത

റഷ്യയുടെ സാമ്പത്തിക സ്രോതസുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: യുക്രെയ്ന്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള പുതിയ കര്‍ശന ഉപരോധ ബില്ലില്‍ യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. റഷ്യയുടെ സാമ്പത്തിക സ്രോതസുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടു വന്നിട്ടുള്ളത്.

റഷ്യയില്‍ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡൻ്റിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. റഷ്യന്‍ പ്രതിരോധ, ഊര്‍ജ്ജ മേഖലകളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ ഉപയോഗിക്കുന്ന ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകളെയും ഇതില്‍ ലക്ഷ്യമിടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ 159 നെതിരെ 262 വോട്ടുകള്‍ക്കാണ് ഈ ബിൽ പാസാക്കപ്പെട്ടത്.

ബില്‍ നിയമമായെങ്കിലും ഉടന്‍തന്നെ ഇന്ത്യക്കും ചൈനയ്ക്കുമെതിരെ തീരുവ ചുമത്തിയേക്കില്ലെന്നാണ് സൂചന. വ്യാപാര കാര്യങ്ങളില്‍ ട്രംപിന് കൂടുതല്‍ അധികാരം നല്‍കുന്നതിനെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിരുന്നുവെങ്കിലും ബിൽ ഒടുവില്‍ പാസാക്കപ്പെടുകയായിരുന്നു. യുക്രെയ്ന്‍ പ്രസിഡൻ്റ് വ്ളൊഡിമിര്‍ സെലെന്‍സ്‌കി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎസിൻ്റെ പുതിയ നീക്കം നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT