വാഷിംങ്ടൺ: സമാധാനത്തിലുള്ള നൊബേൽ പ്രതീക്ഷയും അസ്തമിച്ചതോടെ വീണ്ടും പ്രതികാര നടപടികളും, താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തിയതായാണ് ട്രംപിന്റെ പ്രഖ്യാപനം. അതോടൊപ്പം ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ചൈനയുമായുള്ള വ്യാപാരയുദ്ധം വീണ്ടും ആരംഭിക്കുകയാണ്.
ചൈനയുടെ ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ് സോഫ്റ്റ് വെയറുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിച്ചു. ഏഷ്യാ പസഫിക് എക്കണോമിക്സ് കോ ഓപ്പറേഷൻ ഉച്ചകോടിയിൽ ഷി-ജിൻ പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി ഉയർത്തി.
ബീജിങ്ങുമായി ബന്ധപ്പെട്ട് ചൈന നടത്തിയ അസാധാരണമായ ആക്രമണ സ്വഭാവമുള്ള നീക്കങ്ങൾക്ക് മറുപടിയാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. "ചൈന ഇത്തരമൊരു നടപടി സ്വീകരിക്കുമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല, പക്ഷേ അവർ അങ്ങനെ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളത് ചരിത്രമാണ്," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നവംബർ ഒന്നു മുതൽ അധിക നികുതിയും, കയറ്റുമതി നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും കത്തിപ്പടർന്നതോടെ ഓഹരി വിപണികൾ ഇടിഞ്ഞു, നാസ്ഡാക്ക് 3.6 ശതമാനവും എസ് ആൻഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു.
ഫെന്റനൈൽ വ്യാപാരത്തിൽ ബീജിങ്ങിനെ സഹായിച്ചുവെന്ന് ആരോപിച്ച് ട്രംപ് കൊണ്ടുവന്ന താരിഫുകളുടെയും അന്യായമായ നടപടികളുടെയും പേരിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനം യുഎസ് തീരുവ ചുമത്തിയിട്ടുണ്ട്. അതിനു പുറമെയാണ് ഇപ്പോഴത്തെ പ്രതികാര നടപടി.