മോസ്കോ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളോഡിമിർ പുടിൻ. നൊബേലിൻ്റെ അന്തസ് നഷ്ടപ്പെട്ടുവെന്നും അവർ ട്രംപിനെ ഒഴിവാക്കിയെന്നും പുടിൻ പറഞ്ഞു. സമാധാന നൊബേൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുടിൻ പ്രതികരിച്ചത്.
സമാധാനത്തിനായി വളരെയധികം കാര്യങ്ങൾ ചെയ്താളാണ് ട്രംപ്. മിഡിൽ ഈസ്റ്റ് അതിന് നല്ല ഉദാഹരണമാണ്. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിർത്തലിനെ പരാമർശിച്ച് പുടിൻ പറഞ്ഞു. റിപ്പബ്ലിക്കൻ സഹപ്രവർത്തകരും റഷ്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളും സമ്മർദ്ദം ചെലുത്തിയിട്ടും ട്രംപിനെ സമാധാന സമ്മാനത്തിനായി പരിഗണിച്ചില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സമാധാനത്തിനായി ഒന്നും ചെയ്യാത്തവർക്ക് നൊബേൽ കമ്മിറ്റി സമ്മാനം നൽകിയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. എന്നിരുന്നാലും ട്രംപ് സമ്മാനത്തിന് അർഹനാണോ എന്ന് അറിയില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഇത്തവണ വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ആക്ടിവിസ്റ്റുമായ മരിയ കൊറീന മച്ചാഡോയ്ക്കാണ് സമാധനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണ് അവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
'ഈ അംഗീകാരം എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഒരു വെളിച്ചമാകും. ഇന്ന് വിജയത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ട്രംപിനോടും യുഎസിലെ ജനങ്ങളോടും ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളോടും സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ നമുക്കൊപ്പം സഖ്യമായി ചേര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നു. ഈ പുരസ്‌കാരം വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും ഞങ്ങളെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു,' എന്ന് മരിയ കൊറീന മച്ചാഡോ കുറിച്ചു.
ട്രംപിന് സമാധാന നൊബേൽ ലഭിക്കാത്തതിൽ വിമർശനവുമായി വൈറ്റ് ഹൗസും രംഗത്തെത്തിയിരുന്നു. സമിതി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെയാണ് പരിഗണിച്ചത്. അധികാരമേറ്റതിനുശേഷം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുകയും താൻ നൊബേലിന് അർഹനാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. തനിക്ക് നൊബേൽ സമ്മാനം കിട്ടുമെന്ന കാര്യം ട്രംപ് പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം ട്രംപ് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.