ഗ്രീൻലൻഡ് പദ്ധതിയെ എതിർത്ത 8 യൂറോപ്യൻ രാജ്യങ്ങൾക്ക് എതിരെ പ്രഖ്യാപിച്ച തീരുവ പിൻവലിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടപടി. ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച 10 ശതമാനം തീരുവയാണ് പിൻവലിച്ചത്.
ഗ്രീൻലൻഡുമായും ആർട്ടിക് മേഖലയുമായും പുതിയ കരാർ രൂപീകരിച്ചെന്നും , കരാർ യാഥാർഥ്യമായാൽ അമേരിക്കയ്ക്കും മറ്റു രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും ട്രംപ് പറഞ്ഞു . ഡെന്മാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, ഫിൻലാൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾക്കെതിരെയാണ് തീരുവ ചുമത്തിയിരുന്നത്. ഗ്രീൻലൻഡുമായി ബന്ധപ്പെട്ട ഗോൾഡൻ ഡോമുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയായിരുന്നു നാറ്റോ സെക്രട്ടറിയുമായുള്ള ട്രംപിൻ്റെ കൂടിക്കാഴ്ച.
അതേസമയം, ഗ്രീൻലൻഡിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ട്രംപ് അറിയിച്ചു. നിലവിലെ ധാരണ അമേരിക്കയ്ക്കും മറ്റ് നാറ്റോ രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലൻഡ് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കില്ലെന്നും മുമ്പ് ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയുമായി വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പറഞ്ഞു . നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണെന്നും മോദിയോട് ബഹുമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ വ്യാപാര കരാറിനെക്കുറിച്ച് ഇരുപക്ഷവും ഗൗരവത്തോടെ ആലോചിക്കുകയാണെന്നും കരാര്‍ അന്തിമമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞിരുന്നു.