ദാവോസ്: ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം. ഗ്രീൻലൻഡിനെ സംരക്ഷിക്കാൻ അമേരിക്കയ്ക്ക് മാത്രമേ കഴിയൂവെന്നും ട്രംപ് അവകാശവാദം ഉയർത്തി. ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ട്രംപിന്റെ പരാമർശം.
രണ്ടാം ലോക മഹായുദ്ധത്തിൽ ഗ്രീൻലൻഡിനെ സംരക്ഷിച്ചത് അമേരിക്കയാണ്. സുരക്ഷയിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. ധാതുക്കൾക്ക് വേണ്ടിയല്ല ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള നീക്കമെന്നും ട്രംപ്. ഈ വിഷയത്തിൽ ഇനി ബലപ്രയോഗം നടത്താൻ ആലോചനയില്ലെന്നും വീണ്ടും ചർച്ച ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേ സമയം യൂറോപ്പ് പോകുന്നത് തെറ്റായ പാതയിലെന്നും ട്രംപ് വിമർശിച്ചു.
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ പോകുന്നതിന് ഒരു ദിവസം മുമ്പ് ട്രംപ് യൂറോപ്യന്മാരെ ക്രൂരമായി പരിഹസിച്ചിരുന്നു. ആർട്ടിക് മേഖലയെ റഷ്യയും ചൈനയും കീഴടക്കാനുള്ള ശ്രമം നടത്തുകയാണെന്നും യുഎസിൻ്റെയും നാറ്റോയുടേയും സുരക്ഷയ്ക്ക് ധാതു സമ്പന്നമായ ഗ്രീൻലൻഡ് അത്യന്താപേക്ഷിതമാണെന്നുമാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിന് ട്രംപ് നൽകുന്ന ന്യായീകരണം.