വാഷിങ്‌ടൺ: 66 അന്താരാഷ്ട്ര കൂട്ടായ്മകളിൽ നിന്ന് പിൻമാറാനൊരുങ്ങി യുഎസ്. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങളിൽ നിന്നും മറ്റ് 35 സംഘടനകളിൽ നിന്നും യുഎസ് പിന്മാറുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രധാന കാലാവസ്ഥാ ഉടമ്പടി ഉൾപ്പെടെ ക്ലീൻ എനർജി സംരംഭമായ ഇന്റർനാഷണൽ സോളാർ അലയൻസിൽ നിന്നും യുഎസ് പിന്മാറും.
യുഎസിൻ്റെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഈ സംഘടനകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് യുഎസിൻ്റെ ആഭ്യന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നാണ് സൂചന. ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ അന്താരാഷ്ട്ര സംഘടനകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി കഴിഞ്ഞ വർഷമാണ് ഐക്യരാഷ്ട്രസഭയുടെ വാർഷിക അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് യുഎസ് വിട്ടുനിന്നത്. യുഎൻഎഫ്സിസിസിയിൽ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമായിരിക്കും യുഎസ് എന്ന് നാച്ചുറൽ റിസോഴ്‌സസ് ഡിഫൻസ് കൗൺസിലിന്റെ പ്രസിഡന്റും സിഇഒയുമായ മനീഷ് ബാപ്‌ന പറഞ്ഞു.
"മറ്റെല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. കാരണം കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ധാർമിക അനിവാര്യതയ്‌ക്കപ്പുറം, ഇത്തരം ചർച്ചകളിൽ ഒരു ഇരിപ്പിടം ഉണ്ടായിരിക്കുന്നത് സാമ്പത്തിക നയവും, അവസരങ്ങളും രൂപപ്പെടുത്താൻ സഹായിക്കുമെന്ന് മറ്റ് രാജ്യങ്ങൾക്കറിയാം," മനീഷ് ബാപ്‌ന പറയുന്നു.
ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന യുഎൻ വിമൻ, 150-ലധികം രാജ്യങ്ങളിലെ കുടുംബാസൂത്രണത്തിലും മാതൃ-ശിശു ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുഎൻ പോപ്പുലേഷൻ ഫണ്ട് എന്നിവയിൽ നിന്നും യുഎസ് പിന്മാറും. കഴിഞ്ഞ വർഷം യുഎൻഎഫ്പിഎയ്ക്കുള്ള ധനസഹായം യുഎസ് വെട്ടിക്കുറച്ചിരുന്നു.